സതേൺ ബാപ്റ്റിസ്റ്റ് ചർച്ച് വനിതകളെ പാസ്റ്റർമാരായി ഓർഡയിൻ ചെയ്തതിൽ വിവാദം ശക്തിപ്പെടുന്നു
കാലിഫോർണിയ: സതേൺ ബാപ്റ്റിസ്റ്റ് ചർച്ച് വനിതകളെ പാസ്റ്റർമാരായി ഓർഡയിൻ ചെയ്തതിൽ സഭയിൽ വിവാദം ശക്തിപ്പെടുന്നു. ഓർഡിനേഷനെ തുടർന്ന് ബാപ്റ്റിസ്റ്റ് സഭകളുടെ ദൈവശാസ്ത്രജ്ഞന്മാർ സഭയുടെ വിശ്വാസപ്രമാണത്തിലെ ‘പാസ്റ്റർ എന്ന പദത്തിന്റെ നിർവചനം വ്യക്തമാക്കി കഴിഞ്ഞയാഴ്ച പഠനരേഖ പുറത്തുവിട്ടു.
ലോകത്തിലെ ഏറ്റവും വലിയ ബാപ്റ്റിസ്റ്റ് വിഭാഗവും യുഎസിലെ രണ്ടാമത്തെ പ്രൊട്ടസ്റ്റന്റ് വിഭാഗവുമായ സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സഭയുമായി അഫിലിയേറ്റു ചെയ്ത ഇവാഞ്ചലിക്കൽ മെഗാ ചർച്ചായ സാഡിൽബാക്ക് സഭയിൽ കഴിഞ്ഞ വർഷം മൂന്നു വനിതകൾക്ക് പാസ്റ്ററൽ ഓർഡിനേഷൻ നൽകിയിരുന്നു. പ്രസിദ്ധ പ്രഭാഷകനും ഗ്രന്ഥകാരനുമായ റിക് വാരനാണ് ഈ സഭയുടെ സ്ഥാപകനും ഈ സീനിയർ പാസ്റ്ററും.
ലിസ് പഫർ, സിന്തിയ പെറ്റി, കെറ്റി എഡ്വേർഡ്സ് എന്നീ വനിതകൾക്ക് 2021 മെയ് ആറിനാണ് സഭ കോർഡിനേഷൻ നൽകുന്നത്. സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സഭ പാസ്റ്ററൽ പദവി പുരുഷന്മാർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളപ്പോഴാണ് സഭ വനിതകളെ ചെയ്തത്. ഇത് വിവാദമായ സാഹചര്യത്തിലാണ് സതേൺ ബാപ്റ്റിസ്റ്റ് ദൈവശാസ്ത്രജ്ഞൻമാരുടെ വിശ്വാസ പഠനസമിതി ‘പാസ്റ്റർ ‘ എന്ന പദത്തിൻറെ സഭാശാസ്ത്രപരമായ വിശദീകരണം പുറത്തുവിട്ടത്.
സതേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡണ്ട് ആൽബർട്ട് മൊഹ് ലർ, ന്യൂ ഓർലിയൻസ് ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രസിഡണ്ട് ചക് കെല്ലി, നോർത്ത് കരോലിനയിലെ സതേൺ ഇ വാഞ്ചലിക്കൽ സെമിനാരിയുടെ മുൻ പ്രസിഡണ്ട് റിച്ചാർഡ് ലാൻഡ് എന്നിവരാണ് ദൈവശാസ്ത്ര വിശദീകരണ രേഖയിൽ ഒപ്പുവെച്ചട്ടുള്ളത്. വിശ്വാസപ്രമാണ പരിഷ്കരണ സമിതി, രണ്ടായിരത്തിലെ വിശ്വാസ-സന്ദേശ നിയമാവലിക്ക് പഠന സഹായി തയ്യാറാക്കാൻ ഇവരെ നിയോഗിക്കുകയായിരുന്നു.
‘പാസ്റ്റർ ‘ എന്നാൽ പാസ്റ്ററൽ ഓഫീസ് നിറവേറ്റുകയും പാസ്റ്ററുടെ പ്രവർത്തനങ്ങൾ നിവർത്തിക്കുകയും ചെയ്യുന്നവൻ എന്നാണ് ബാപ്റ്റിസ്റ്റ് സഭകളുടെ നിലവിലുള്ള നിർവചനം. സഭയുടെ വിശ്വാസ പ്രസ്താവനയുടെ ആർട്ടിക്കിൾ VI അനുസരിച്ച് സഭയുടെ ആത്മീയ ശുശ്രൂഷാ സ്ഥാനങ്ങൾ പാസ്റ്റർ, ഡീക്കൻ എന്നിവയാണ്. സ്ത്രീകളും പുരുഷന്മാരും സഭയിലെ ശുശ്രൂഷകൾക്ക് കൃപയുള്ളവരാണെങ്കിലും പാസ്റ്ററൽ ശുശ്രൂഷ തിരുവചനപ്രകാരം യോഗ്യതയുള്ള പുരുഷന്മാർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
രണ്ടായിരത്തിലെ വിശ്വാസപ്രമാണം കൂടുതൽ വ്യക്തമാക്കുന്ന പ്രസ്താവനയാണ് പഠിതാക്കൾ പുറത്തുവിട്ടത്. സഭയിലെ എല്ലാശുശ്രൂഷാ സ്ഥാനികൾക്കും പാസ്റ്റർ എന്ന പദം ഉപയോഗിക്കരുത് എന്നും അവർ വ്യക്തമാക്കി. ഇതോടെ റിക് വാരൻറ സഭ കൂടുതൽ വിവാദത്തിലായി. ബാപ്റ്റിസ്റ്റ് സഭാശാസ്ത്ര നിലപാടുകൾക്ക് വിരുദ്ധമാണ് സാഡിൽബാക്ക് സഭയുടെ നടപടി എന്നാണ് സഭാജനങ്ങൾ വിലയിരുത്തുന്നത്