കൈമാറ്റം ചെയ്ത സ്വത്ത് തിരിച്ചെടുക്കാം; മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അവകാശങ്ങളറിയാം

0

നിയമപരമായ പല അവകാശങ്ങളും സംരക്ഷണങ്ങളും മുതിർന്ന പൗരന്മാർക്ക് രാജ്യത്തുണ്ട്. നിക്ഷേപങ്ങളിൽ പല തരത്തിലുള്ള ആനുകൂല്യങ്ങൾ, നികുതിയിളവുകൾ അങ്ങനെ സാമ്പത്തികമായും പല ആനുകൂല്യങ്ങൾ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നു. ഇതുപോലെ പ്രധാനപ്പെട്ട മറ്റൊരു അവകാശമാണ് കൈമാറ്റം ചെയ്ത സ്വത്ത് തിരിച്ചടുക്കാമെന്നുള്ളത്. 15 വർഷം മുൻപ് രാജ്യത്ത് നിലവിൽ വന്ന നിയമമാണെങ്കിലും ഈ അവകാശങ്ങൾ അത്ര പരിചിതമല്ല.

വസ്തുവിന് മുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അവകാശങ്ങളെ പറ്റി പലര്‍ക്കും വലിയ ധാരണയില്ല. മക്കളുടെ പേരിലേക്ക് മാറ്റിയ സ്വത്ത തിരികെ എടുക്കാനും ഈ വസ്തുവില്‍ നിന്ന് മക്കളെയോ കുടുംബാംഗങ്ങളെയോ ഒഴിപ്പിക്കാനുമുള്ള അവകാശം മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ട്. നേരത്തെ സ്വത്ത് ഓഹരി വെച്ച് മക്കൾക്ക് കൈമാറിയ ശേഷം വേണ്ട പരിചരണം ലഭിക്കാത്ത സംഭവത്തിൽ നിരവധിയുണ്ട്.

ഈ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവർക്ക് നിയമപരമായ പരിരക്ഷയ്ക്കാണ് ഉദ്യേശിക്കുന്നത്. 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമ (Maintenance and Welfare of Parents and Senior Citizens Act in 2007) പ്രകാരമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ അവകാശങ്ങള്‍.

അവകാശങ്ങൾ ലഭിക്കുന്നത്

വസ്തു കൈമാറ്റത്തിന് മുൻപ് വാ​ഗ്ദാനം ചെയ്ത സുഖങ്ങളും സൗകര്യങ്ങളും നടപ്പായില്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് നിയമപ്രകാരം അവകാശങ്ങൾ ലഭിക്കും. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ തങ്ങളുടെ സ്വത്ത് മക്കള്‍ക്കോ, മറ്റൊരാൾക്കോ സമ്മാനമായോ മറ്റു വിധത്തിലോ കൈമാറിയാൽ, കൈമാറ്റത്തിന് മുൻപ് നൽകിയ വാ​ഗ്ദാനങ്ങളായ അടിസ്ഥാന സൗകര്യങ്ങളും ശാരീരിക സഹായങ്ങളും മുതിർന്ന പൗരന്മാർക്ക് ലഭിക്കണം.

ഈ സൗകര്യങ്ങള്‍ ചെയ്യുന്നതില്‍ മക്കള്‍ പരാജയപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് നിയമപ്രകാരം സ്ഥാപിച്ച മെയ്ന്റിനന്‍സ് ട്രൈബ്യൂണലിനെ സമീപിക്കാം. വഞ്ചനാപരമായതോ നിര്‍ബന്ധിതമോ സ്വാധീനത്തിലോ ആണ് വസ്തു കൈമാറ്റം എന്ന് കാണിച്ച് ട്രൈബ്യുണലുകൾക്ക് കൈമാറ്റം അസാധുവായി പ്രഖ്യാപിക്കാം. കൈമാറ്റം തെളിയിക്കുന്ന രേഖയിൽ കൈമാറ്റം ലഭിക്കുന്നയാൾ അടിസ്ഥാന സൗകര്യം ചെയ്ത് കൊടുക്കണമെന്ന നിബന്ധനയില്ലെങ്കിലും ട്രൈബ്യൂണലിന് ഇത്തരം കൈമാറ്റം അസാധുവായി പ്രഖ്യാപിക്കാൻ സാധിക്കും.

താമസ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്നത്

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമ പ്രകാരം സ്വത്തില്‍ നിന്ന് മക്കളെ ഒഴിപ്പിക്കാൻ വ്യവസ്ഥയില്ല. എന്നാൽ സുപ്രീം കോടതി അടക്കമുള്ള രാജ്യത്തെ കോടതികൾക്ക് ഇത്തരം നടപടികളിലേക്ക് കടക്കാം. മുതിർന്ന പൗരന്മാർക്ക് പീഡനമോ പരിപാലനം നൽകാത്ത സാഹചര്യത്തിലോ സ്വത്തിൽ നിന്ന് മക്കളെയോ കുടുംബാം​ഗങ്ങളെയോ ഒഴിപ്പിക്കാൻ കോടതികൾ ഉത്തരവിടാറുണ്ട്. ഭാവി അവകാശിയാണെന്ന് പറഞ്ഞ് സ്വത്ത് കൈമാറ്റത്തിന് മുതിർന്ന മാതാപിതാക്കളെ ശല്യം ചെയ്യുന്ന സാഹചര്യത്തിൽ മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ കോടതി ഉത്തരവിടും.

വഞ്ചനയോടെ സ്വത്ത് കൈമാറ്റം ചെയ്യുന്നതിനുള്ള കരാറില്‍ ഏര്‍പ്പെട്ടുകയും മാതാപിതാക്കളെ ഉപ​ദ്രവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വത്തിൽ നിന്ന് മക്കളെ പുറത്താക്കാനും കോടതികൾ നിർദ്ദേശിക്കാറുണ്ട്.

അതേസമയം ഈ നിയമ പരിരക്ഷ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരം ദുരുപയോ​ഗം തടയും. നിയമ പരിരക്ഷ ഉപയോ​ഗിച്ച് മരുമകളെ ഒഴിപ്പിക്കന്‍ മുതിർന്ന പൗരന്മാർ ആവശ്യപ്പെടുമ്പോൾ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമുള്ള സ്ത്രീയുടെ അവകാശങ്ങളെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം മറിടകടക്കുന്നില്ലെന്ന് ഉറപ്പാക്കും.

You might also like