മെൽബണിൽ വീടുകളുടെ മേൽക്കൂര നന്നാക്കാനെന്ന പേരിൽ $640,000 തട്ടിയെടുത്തതായി പോലീസ്; നാല് പേർ അറസ്റ്റിൽ

0
മെൽബണിൽ 20 ലധികം വീടുകളിൽ റൂഫ് നന്നാക്കാൻ എന്ന പേരിലെത്തി തട്ടിപ്പ് നടത്തിയതായി ആരോപണം നേരിടുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൂഫിംഗ് കമ്പനിയിലെ ജീവനക്കാർ എന്ന് നടിച്ച് വ്യാജേനയാണ് ഇവർ വീടുകളിൽ എത്തിയത്. തട്ടിപ്പിന് ഇരയായവരിൽ നിന്ന് $640,000 നഷ്ടമായതായി പോലീസ് പറഞ്ഞു. വീടുകളുടെ റൂഫിന് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടത് ആവശ്യമാണെന്ന് പറയുകയും, വലിയ തുകയ്ക്ക് പണിയേറ്റെടുക്കുയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നവർ രാജ്യംവിടാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. ഐറിഷ് വംശജനായ ഒരാൾ സഹോദരന്റെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് രാജ്യംവിടാൻ ശ്രമിക്കുന്നതിനിടയിൽ മെൽബൺ വിമാനത്താവളത്തിൽ വച്ച് പോലീസ് പിടിയിലാവുകയായിരുന്നു. ഇയാൾ മെൽബണിലെ ക്യൂ സബർബിലുള്ള 81 വയസുള്ള വ്യക്തിയിൽ നിന്ന് $99,000 തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. റൂഫിന്റെ പണി പൂർത്തിയാക്കാതെ വളരെ മോശം അവസ്ഥയിൽ ഉപേക്ഷിച്ചതായും ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിന് ശേഷം ജൂലൈയിൽ പോലീസ് മൂന്ന് പുരുഷന്മാരെ $540,000 ന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മെൽബണിലെ ഓക്‌ലി സബർബിൽ നിന്ന് 35 വയസുള്ള ഒരാളെ ഇതേ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. റൂഫുകളുടെ പണിയുമായി ബന്ധപ്പെട്ട് ഇവർ നൽകിയിരിക്കുന്ന ക്വട്ടേഷനുകളിലെ തുക വളരെ കൂടുതലായിരുന്നുവെന്നും, പണിയേറ്റെടുത്ത ശേഷം പൂർത്തിയാക്കിയില്ല എന്നും പോലീസ് പറഞ്ഞു. ഇതിന് പുറമെ ചെയ്ത പണി നിലവാരമില്ലാത്തതായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.

2020ൽ സമാനമായ മറ്റൊരു സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മെൽബണിൽ തന്നെ നടന്ന റൂഫിംഗ് തട്ടിപ്പിൽ $434,000 ആണ് തട്ടിയെടുത്തത്. സമൂഹത്തിലെ ദുർബല വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

 

You might also like