നിക്കരാഗ്വേയിലെ ഏകാധിപത്യം; അഞ്ച് ക്രിസ്ത്യൻ റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ചു
മനാഗ്വേ: ‘മിഷണറീസ് ഓഫ് ചാരിറ്റി’ അംഗങ്ങളായ സന്യാസിനികളെ നാടുകടത്തിയതിന് പിന്നാലെ അഞ്ച് ക്രിസ്ത്യൻ റേഡിയോ സ്റ്റേഷനുകൾ പൂട്ടിച്ച് നിക്കരാഗ്വേ ഭരണകൂടം. സെബാക്കോ മുനിസിപ്പാലിറ്റിയിലെ ഡിവിന മിസെറികോർഡിയ പള്ളിയിൽ ഓഗസ്റ്റ് 1-ന് രാത്രി പോലീസ് അതിക്രമിച്ചു കയറി റേഡിയോ സ്റ്റേഷൻ അടച്ചുപൂട്ടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിലൂടെയുള്ള പ്രവേശനവും അതിക്രമവും ഇടവക അതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിന് പിന്നാലെ ഇടവക പുറത്തുവിട്ടത്.
2003 ജനുവരി 30 മുതൽ സാധുവായ അംഗീകാരം ഇല്ലായെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നതെങ്കിലും ഇതിൽ വസ്തുതയില്ലെന്നാണ് രൂപത പറയുന്നത്. വടക്കൻ മതഗൽപ രൂപതയുടെ അധ്യക്ഷനും റേഡിയോയുടെ കോർഡിനേറ്ററുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് തിങ്കളാഴ്ച റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയ കാര്യം പൊതുവായി അറിയിച്ചു. തങ്ങളുടെ എല്ലാ റേഡിയോ സ്റ്റേഷനുകളും അടച്ചുവെങ്കിലും അവർക്കു ദൈവവചനം തടയുവാൻ കഴിയില്ലായെന്ന് ബിഷപ്പ് അൽവാരസ് ട്വിറ്ററിൽ കുറിച്ചു. റേഡിയോ സ്റ്റേഷനുകൾ സംപ്രേഷണം ചെയ്യുന്നതിനുള്ള സാങ്കേതികത്വം പാലിച്ചിട്ടില്ലായെന്നാണ് നിക്കരാഗ്വേൻ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി പറയുന്നതെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കാൻ ഇവർ തയാറായിട്ടില്ല.
അതേസമയം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം നിക്കരാഗ്വേയിൽ രാഷ്ട്രീയ അടിച്ചമർത്തലിന് നേതൃത്വം നൽകികൊണ്ടിരിക്കുന്ന ഒർട്ടെഗ ഭരണകൂടം, ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ക്രിസ്ത്യൻ സഭകളെ അടിച്ചമർത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് സംഭവത്തെ എല്ലാവരും നോക്കി കാണുന്നത്. സ്വേച്ഛാധിപതിയായ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ക്രൂരതകളെ തുറന്നുക്കാട്ടികൊണ്ടിരുന്ന വ്യക്തിയായിരുന്നു ബിഷപ്പ് അൽവാരസ്. 2018-ൽ ഭരണത്തിനെതിരായ പ്രതിഷേധങ്ങളും തുടർന്നുള്ള സർക്കാരിന്റെ അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ ക്രിസ്ത്യൻ സഭകളും ഒർട്ടേഗ സർക്കാരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.