ഓസ്‌ട്രേലിയയിൽ പുതിയ 85 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 33 ഉം, ക്വീൻസ്ലാന്റിൽ 31 ഉം, വിക്ടോറിയയിൽ ഒൻപതും മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.
ഓസ്‌ട്രേലിയയിൽ കൊവിഡ്, മങ്കിപോക്സ്, കുളമ്പുരോഗം എന്നിവയെ പ്രതിരോധിക്കാൻ എന്തെല്ലാം നടപടികൾ കൂടുതലായി സ്വീരിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ആന്തണി അൽബനീസി ദേശീയ ക്യാബിനറ്റുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് നിലവിലെ ഒമിക്രോൺ തരംഗം ഏറ്റവും ഉയർന്ന വ്യാപന നിരക്ക് അല്ലെങ്കിൽ ‘പീക്ക്’ ചെയ്തതായി കരുതുന്നുവെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പറഞ്ഞു. മുൻപ് കണക്ക്കൂട്ടിയതിലും നേരെത്തെയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ഇപ്പോൾ സ്ഥിരീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ അവധി കേസുകൾ കുറയാനുള്ള കാരണമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മങ്കിപോക്‌സിനെതിരെയുള്ള 450,000 ഡോസ് വാക്‌സിൻ കരസ്ഥമാക്കിയിട്ടുള്ളതായി ബട്ലർ യോഗത്തിൽ വ്യക്തമാക്കി. 220,000 ഡോസുകൾ അടങ്ങുന്ന ആദ്യ ബാച്ച് ഈ ആഴ്ച എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾക്കും ടെറിറ്ററികൾക്കും വൈകാതെ ഇവ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങുപനി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പൊതുജനത്തിലേക്ക് എത്തിക്കുന്നതിനും, പ്രതിരോധത്തിൽ നേതൃത്വം നൽകുന്നതിനുമായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.