ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!
ഇന്ത്യയിലെ പ്രമുഖ ഷോപ്പിങ്ങ് മാള്‍, ഹൈപ്പര്‍മാര്‍ക്ക് ശൃംഖലയായ ലുലു മാളിന്റെ മാതൃ കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നിശ്ചയിച്ചു. പ്രമുഖ റേറ്റിങ് എജന്‍സിയായ കെയര്‍ റേറ്റിങ്‌സ് ആണ് ബാങ്ക് വായ്പകള്‍ക്കു വേണ്ടിയുള്ള റേറ്റിങ് നിശ്ചയിച്ചത്. ഇതുപ്രകാരം ദീര്‍ഘകാല വായ്പകള്‍ക്ക് പോസിറ്റീവ് കാഴ്ചപ്പാടോടെയുള്ള ‘ട്രിപ്പിള്‍ ബി പ്ലസ്’ (BBB+) എന്ന നിലവാരവും ഹ്രസ്വകാല വായ്പകള്‍ക്കുള്ള റേറ്റിങ് ‘കെയര്‍ എ2’ (A Two) എന്നും നിര്‍ണയിച്ചു.
റേറ്റിങ് നിര്‍ണയത്തിന്റെ ഭാഗമായി ലുലു മാളിന്റെ വാര്‍ഷിക സാമ്പത്തിക ഫലവും വിശകലനം ചെയ്തു. ഇതുപ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിൽ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (ലുലു മാള്‍), 51.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയെന്നാണ് വെളിവാക്കുന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷമാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (എല്‍ഐഎസ്എം) നഷ്ടം കുറിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 100.54 കോടി രൂപയായിരുന്നു.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ എത്തുന്നത് വിലക്കുന്ന സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ലുലു മാളിന് സാമ്പത്തിക തിരിച്ചടിയേകിയത്. ലോക്ക്ഡൗണുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എല്‍ഐഎസ്എമ്മിന്റെ വരുമാനം 1379.9 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 748.8 കോടി രൂപയായിരുന്നു. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി ലുലു മാളിനു വേണ്ടി 400 കോടി രൂപയാണ് എല്‍ഐഎസ്എം കടം എടുത്തതെന്നും കെയര്‍ റേറ്റിങ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധിയില്‍ ഏറ്റവും തിരിച്ചടിയേറ്റ മേഖലകളിലൊന്നാണ് ചില്ലറ ഷോപ്പിങ് ശൃംഖലകളും ഷോപ്പിങ് മാളുകളും. നേരിട്ട് ജനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിയതോടെ കടകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഈ വര്‍ഷമാദ്യം കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതോടെ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് ലുലു മാളുകളെന്നും കെയര്‍ റേറ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
020 സാമ്പത്തിക വര്‍ഷം വരെ (കോവിഡിന് മുന്നെയുള്ള കാലഘട്ടം) ലുലു മാളിന്റെ വരുമാനം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധന രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം പിന്നീടുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും എല്‍ഐഎസ്എം കമ്പനി നഷ്ടം നേരിട്ടു. എന്നിരുന്നാലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങിയ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ മാളുകളുടെ വരുമാനം മെച്ചപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ കാണാനാവും.