ചൈനീസ് ബൈബിള്‍ ലഭ്യമല്ലാതെ വരുമെന്ന ഭീതിയില്‍ ഹോങ്കോങ്ങിലെ വിശ്വാസികള്‍
ഹോങ്കോങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിച്ചമര്‍ത്തലിനെ തുടര്‍ന്നു ഹോങ്കോങ്ങിലെ വിശ്വാസികള്‍ക്ക് ഭാവിയില്‍ ചൈനീസ് കത്തോലിക്ക ബൈബിളുകള്‍ ലഭ്യമല്ലാതെ വരുമെന്ന് ഹോങ്കോങ്ങ് സഭകളുടെ മുന്നറിയിപ്പ്. ബൈബിളിന്റെ ചൈനീസ് പതിപ്പിനായിരിക്കും (സ്റ്റൂഡിയം ബിബ്ലിക്കം പതിപ്പ്) ദൗര്‍ലഭ്യം ഉണ്ടാവുകയെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ചൈന എയിഡ് പറയുന്നത്. ബൈബിള്‍ അച്ചടിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അനുമതി വേണമെന്നതും, ബൈബിളിന്റെ ചൈനീസ് പതിപ്പുകള്‍ അച്ചടിക്കുന്ന നാന്‍ജി അമിറ്റി പ്രിന്റിംഗ് സ്ഥാപനത്തെ അച്ചടി നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചതുമാണ് ദൗര്‍ലഭ്യത്തിന് കാരണമാകുകയെന്ന് ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലുള്ള ബൈബിള്‍ ഗവേഷണ സ്ഥാപനമായ ‘സ്റ്റൂഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്കാന’ത്തിലെ ഫ്രിയാര്‍ റെയ്മണ്ട് മേരി യുങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അമിറ്റി ഫൗണ്ടേഷന്റെയും, യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റികളുടെയും (യു.ബി.എസ്) സംയുക്ത സംരംഭമാണ് നാന്‍ജിങ് അമിറ്റി പ്രിന്റിംഗ്. ചൈനീസ് കത്തോലിക്ക ബൈബിളുകളും സ്തുതിഗീതങ്ങളും അച്ചടിക്കുന്ന ഒരേയൊരു പ്രിന്റിംഗ് കമ്പനിയായ നാന്‍ജിങ് അമിറ്റി പ്രിന്റിംഗ് ചൈനയിലെ കത്തോലിക്കാ സഭക്കായി 1994 മുതൽ ബൈബിളുകൾ അച്ചടിക്കുന്നുണ്ടെന്നു ചൈന എയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സൊസൈറ്റിയുടെ ശേഖരത്തിലുള്ള ചൈനീസ് കത്തോലിക്ക ബൈബിളുകള്‍ മുഴുവനും ബുക്ക് സ്റ്റോറുകള്‍ക്ക് കൈമാറി കഴിഞ്ഞുവെന്നും, പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഭാവിയിലെ ചൈനീസ് ബൈബിളുകള്‍ ലഭ്യമല്ലാതെ വരുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മറ്റൊരു പ്രിന്റിംഗ് സ്ഥാപനം കണ്ടെത്തുക പ്രായോഗികമല്ല. ചൈനീസ് ഭാഷയിലുള്ള ബൈബിളിനു വേണ്ട സ്റ്റേപ്പിള്‍ ബൈന്‍ഡിംഗ് സാങ്കേതിക വിദ്യ ഹോങ്കോങ്ങില്‍ ലഭ്യമല്ലെന്നും ഫ്രിയാര്‍ യുങ് ചൂണ്ടിക്കാട്ടി. ഹോങ്കോങ്കിലും, ദക്ഷിണ കൊറിയയിലും അച്ചടിക്കുന്നതിനാല്‍ പ്രൊട്ടസ്റ്റന്റ് ബൈബിളുകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. വിശ്വാസപരമായ ഉള്ളടക്കം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് ക്രൈസ്തവര്‍ രജിസ്റ്റർ ചെയ്യുകയും, സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണമെന്ന് ചൈനീസ് സർക്കാർ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു. മതങ്ങളെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്.