800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

0

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍ സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ സന്യാസികള്‍ മൃഗത്തിന്റെ തുകലില്‍ ലാറ്റിന്‍ ഭാഷയില്‍ വര്‍ണ്ണാലങ്കാരങ്ങളോടെ എഴുതിയ എ5 വലുപ്പത്തിലുള്ള ബൈബിളിന്റെ പേജാണ്‌ ആശ്രമത്തില്‍ വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. 2020-ല്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല ലേലത്തില്‍ പിടിച്ച ഈ ബൈബിള്‍ പേജ് യൂണിവേഴ്സിറ്റി തന്നെയാണ് പൊതുപ്രദര്‍ശനത്തിനായി താല്‍ക്കാലികമായി വിട്ടുനല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 2 വരെ ഇത് പ്രദര്‍ശനത്തിന് ഉണ്ടാകും. ഈ അമൂല്യ ചരിത്രനിധി ഇതാദ്യമായാണ് യു.കെ യില്‍ പൊതുപ്രദര്‍ശനത്തിനുവെക്കുന്നത്.

ഇരു പുറത്തും എഴുത്തുകളുള്ള മനോഹരമായ ബൈബിള്‍ പേജ് എഴുതപ്പെട്ട കാലഘട്ടത്തേക്കുറിച്ച് കൃത്യമായ അറിവില്ല. പഴയ നിയമത്തിലെ ദിനവൃത്താന്തത്തിന്റെ ആരംഭമാണ് പേജിലെ പ്രതിപാദ്യം. വെല്ലം കടലാസ് എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ മൃഗതുകലില്‍ മനോഹരമായ വര്‍ണ്ണാലങ്കാരങ്ങളോടെയാണ് എഴുത്ത്. ടെംപേര എന്ന വിദ്യ ഉപയോഗിച്ചാണ് വെല്ലം കടലാസ് തയ്യാറാക്കുന്നത്. ബൈബിളിന്റെ ചരിത്രത്തിലെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച പതിമൂന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയാണ് ടെംപേര. കല്ല്‌, ധാതുക്കള്‍, മണ്ണ് പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ മുട്ടയുടെ മഞ്ഞക്കരു പോലെയുള്ള വെള്ളത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയയാണ് ടെംപേര.

ആശ്രമത്തിന്റെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ രത്നമാണ് ഈ ബൈബിള്‍ പേജെന്നു ആശ്രമത്തിലെ കളക്ഷന്റെ ചുമതലയുള്ള ലൂസി ന്യൂമാന്‍ പറഞ്ഞു. പഴക്കം വെച്ചുനോക്കുബോള്‍ അതിശയകരമായ ഗുണമേന്മയാണ് ഇതിനുള്ളതെന്നും, 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എഴുത്ത് സാമഗ്രികള്‍ വെച്ച് നോക്കുമ്പോള്‍ ഇതിന്റെ സൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൂല്യമായ പുസ്തകങ്ങളാലും, നിരവധി കയ്യെഴുത്ത് പ്രതികളാലും പ്രസിദ്ധമായ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ വിശാലമായ ലൈബ്രറി 1539-ല്‍ ഹെന്‍റി എട്ടാമന്‍ രാജാവിന്റെ കാലത്താണ് വില്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് ചരിത്രം. പിന്നീട് യാതൊരു അറിവുമില്ലാതിരുന്ന ഈ ബൈബിള്‍ 240 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ സോത്തെബീസ് ഓക്ഷന്‍ ഹൗസിലാണ് കണ്ടെത്തിയത്.

You might also like