പെന്തക്കുസ്ത തിരുനാൾ ദിനത്തിലെ നൈജീരിയൻ ക്രൈസ്തവ കൂട്ടക്കൊല; രണ്ട് പേർ അറസ്റ്റില്‍

0

അബുജ: നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തെ ഒവോയിലെ സെന്റ് ഫ്രാൻസിസ് സേവ്യര്‍ പള്ളിയിൽ പെന്തക്കോസ്ത് തിരുനാള്‍ ദിനത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റില്‍.

നൈജീരിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ് ഓഫീസ് മേധാവി മേജർ ജനറൽ ജിമ്മി അക്‌പോറാണ് ഇക്കാര്യം ഇന്നലെ (ഓഗസ്റ്റ് 10) ജനങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് 9-ന് ഒമിയാലഫറയിൽവെച്ചാണ് അൽ-ഖാസിം ഇദ്രിസ്, അബ്ദുൾഹലീം ഇദ്രിസ് എന്നീ പ്രതികളെ പിടികൂടിയത്. അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയാണ് ആക്രമത്തിന് ചുക്കാന്‍ പിടിച്ചതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

രാജ്യത്ത് നടക്കുന്ന മറ്റ് ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് യഥാസമയം ലോകം കാണുമെന്നും അധികൃതര്‍ പറയുന്നു. ആക്രമണത്തിന് മുമ്പ് പ്രതികളെ പാർപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി ഒണ്‍ഡോ സംസ്ഥാന ഗവർണർ അരകുൻറിൻ അകെരെഡോലു പറഞ്ഞു.

ഇക്കഴിഞ്ഞ ജൂൺ 5നാണ് ഒവോ നഗരത്തിലെ പള്ളിയിൽ കൂട്ട വെടിവയ്പ്പും ബോംബാക്രമണവും നടന്നത്. അക്രമ സംഭവത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് – വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ISWAP) ഗ്രൂപ്പാണെന്ന് ഫെഡറൽ സര്‍ക്കാര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരിന്നു.

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നതെന്ന ആരോപണം ലോകമെമ്പാടും ചര്‍ച്ചയായിട്ടുണ്ട്. അക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം നിരവധി പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പൺ ഡോർസ്’ന്റെ വാർഷിക പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

You might also like