കാനഡയിലെ ക്രിസ്ത്യൻ വിരുദ്ധ കുറ്റകൃത്യങ്ങളുടെ വർദ്ധനവിനെ അവഗണിക്കരുത്; മുന്നറിയിപ്പുമായി സ്വതന്ത്ര നിരീക്ഷക സംഘടന

0

ടോറന്റോ: വടക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ കാനഡയില്‍ മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിലെ ഏറ്റവും വലിയ വര്‍ദ്ധനവിനാണ് ക്രിസ്താനികൾ കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന വെളിപ്പെടുത്തലുമായി ടോറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടനയായ സിവില്‍ റൈറ്റ്സ് ലീഗിന്റെ റിപ്പോര്‍ട്ട്.

ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, രാജ്യത്തു ദേവാലയങ്ങള്‍ നിരന്തരം അഗ്നിക്കിരയാവുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 27% വര്‍ദ്ധനവ് മാത്രമാണ് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും 260%-ത്തോളം വരുന്ന വലിയതോതിലുള്ള വര്‍ദ്ധനവ് അവഗണിക്കപ്പെടുകയാണെന്നും കാനഡയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് സിവില്‍ റൈറ്റ്സ് ലീഗിന്റെ ഓഗസ്റ്റ് 2-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 മെയ് മുതല്‍ ഓഗസ്റ്റ് വരെയാണ് കാനഡയിലെ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു സിവില്‍ റൈറ്റ്സ് ലീഗിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020-ല്‍ കാനഡയിലെ മുസ്ലീങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 71% വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, യഹൂദര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 47% വര്‍ദ്ധനവും മറ്റ് മതസ്ഥര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 60% വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2020-ല്‍ ക്രിസ്ത്യാനികൾക്കു നേരെ 43 മതവിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2021 ആയപ്പോഴേക്കും അത് 155 ആയി ഉയര്‍ന്നു. 2021-ല്‍ യഹൂദര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 487 ആയി. ക്രിസ്ത്യാനികൾക്കെതിരായ കുറ്റകൃത്യങ്ങളിലെ വര്‍ദ്ധനവിനെ കുറിച്ച് സംസാരിക്കുവാനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാനും കാനഡയിലെ രാഷ്ട്രീയക്കാര്‍ രംഗത്ത് വരണമെന്നും സംഘടന ആവശ്യപ്പെട്ടു.

ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളിലെ വര്‍ദ്ധനവില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളിലെ ക്രിസ്ത്യൻ നേതാക്കള്‍ രംഗത്തെത്തിയിരിന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ എണ്ണൂറോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന്‍ ഫ്രഞ്ച് അധികാരികളും വെളിപ്പെടുത്തിയിട്ടുണ്ട്.

You might also like