
നൈജീരിയയിൽ സൈനികാക്രമണം; ദേവാലയത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ 31 പേരെ വനത്തിനുള്ളിൽ നിന്ന് മോചിപ്പിച്ചു
അബുജ: നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ മേഖലയായ കടുനയിൽ ഈസ്റ്റർ ശുശ്രൂഷയ്ക്കിടെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 31 വിശ്വാസികളെ സൈന്യം സാഹസികമായി മോചിപ്പിച്ചു. കാത്തലിക്, ഇവാഞ്ചലിക്കൽ ദേവാലയങ്ങളിൽ അക്രമിസംഘം ഇരച്ചുകയറി വിശ്വാസികളെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വനമേഖല കേന്ദ്രീകരിച്ച് സൈന്യം നടത്തിയ മിന്നൽ പരിശോധനയിലാണ് ബന്ദികളെ സുരക്ഷിതമായി കണ്ടെത്തിയത്.
ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കർമ്മങ്ങൾക്കിടെയായിരുന്നു അപ്രതീക്ഷിതമായി തോക്കുധാരികൾ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. വിവരം അറിഞ്ഞയുടൻ നൈജീരിയൻ സൈന്യം പ്രദേശം വളയുകയും അക്രമികളെ പിന്തുടരുകയും ചെയ്തു. മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വനത്തിനുള്ളിൽ അതീവ ദുഷ്കരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവർക്ക് നിലവിൽ അടിയന്തര വൈദ്യ സഹായം നൽകി വരികയാണ്. എല്ലാവരും സുരക്ഷിതരാണെന്ന് സൈനിക വക്താവ് അറിയിച്ചു
