
മധ്യപൂർവേഷ്യയിൽ സമാധാനം പുനസ്ഥാപിക്കണം : ലിയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചു. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ സമാധാനശ്രമങ്ങളും പാലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളും ചർച്ചാവിഷയമായി.
രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടും എത്രയും വേഗം സമാധാന ഉടമ്പടിയിലെത്തേണ്ടതിന്റെ ആവശ്യകത പാപ്പ ആവർത്തിച്ചു. യുദ്ധ സാഹചര്യത്തിൽ പാലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പാപ്പ പ്രത്യേകം അന്വേഷിച്ചു.
വത്തിക്കാനും പലസ്തീനും തമ്മിലുള്ള സമഗ്ര കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബർ ആറിന് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി പാപ്പയെ നേരിൽ കണ്ടിരുന്നു. ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമായിരുന്നു അന്ന് അദേഹം ലിയോ പാപ്പയെ സന്ദർശിച്ചത്
