‘ക്രൈസ്തവ മൃതസംസ്കാരം പള്ളി സെമിത്തേരികളിലല്ല, പൊതുശ്മശാനങ്ങളിൽ’; ഒരു വിഭാഗം വിശ്വാസികൾ പ്രതിജ്ഞയെടുക്കും

0

കൊച്ചി: ഞായറാഴ്ച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പള്ളി സെമിത്തേരികളില്‍ സംസ്‌കരിക്കില്ലെന്ന് ഒരു വിഭാഗം വിശ്വാസികൾ കൂട്ട പ്രതിജ്ഞ നടത്തും. ദേവാലയ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എന്ന മിഥ്യാധാരണയുള്ള ക്രൈസ്തവരെ അതിൽ നിന്നും പുറത്തുകൊണ്ടുവരുകയാണ് പരിപാടിയുടെ ലക്ഷ്യം.

കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തിനെതിരെയുള്ള താക്കീത് കൂടിയാണ് പ്രതിജ്ഞയെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കായി മൃതശരീരം വിട്ടുനല്‍കുക, മരണാന്തരം അവയവദാനം നടത്തുക എന്നീ വിഷയങ്ങളിലും പരിപാടിയിൽ തീരുമാനമുണ്ടാകും. ഇതിനായുള്ള ഫോറങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

ഞായറാഴ്ച്ച വൈകിട്ട് നാല് മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെ ഇപ്പന്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ വൈദികരും വിശ്വാസികളും പങ്കെടുക്കും. കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് പുല്ലൂടന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രൊഫ. ഇപ്പന്റ് മകള്‍ അഡ്വ. ഇന്ദുലേഖ ജോസഫ് പ്രതിജ്ഞവാചകം ചൊല്ലി കൊടുക്കും. ഫാ.അഗസ്റ്റിന്‍ വട്ടോളി, സി. ടീന ജോസ്, തോമസ് മാത്യു, ജോക്കബ് മാത്യു, ജോസഫ് വെളിയവില്‍, അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍ , പ്രൊഫ. പോളികാര്‍പ്പ്, റെജി ഞെള്ളാനി, ജോര്‍ജ് ജോസഫ്, ആന്റോ കൊക്കാട്ട്, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ് എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.

You might also like