രാംദേവിനെ നിയന്ത്രിക്കണം; കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി
അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റാണ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
‘എന്തിനാണു ബാബാ രാംദേവ് അലോപ്പതി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം യോഗയെ ജനപ്രിയമാക്കി, നല്ല കാര്യം. പക്ഷേ, അദ്ദേഹം മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുതായിരുന്നു. അദ്ദേഹം പിന്തുടരുന്ന മാര്‍ഗ്ഗത്തില്‍ എല്ലാ അസുഖങ്ങളും മാറുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?” ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. അലോപ്പതി മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് വാക്‌സിനേഷനും എതിരെയുള്ള പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഹര്‍ജി നല്‍കിയത്.
അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്പ്രദായത്തെ വിമര്‍ശിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി നോട്ടിസ് അയച്ചു.