പെർത്തിൽ മലയാളി ബാലിക ചികിത്സ കിട്ടാതെ മരിച്ച സംഭവം; കൊറോണർ അന്വേഷണം ആരംഭിച്ചു

0
പെർത്ത്: ഐശ്വര്യ അശ്വതിൻറെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായാണ് WA കൊറോണർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിശദമായ അന്വേഷണത്തിൻറെ ഭാഗമായി ഐശ്വര്യയെ പരിചരിച്ച നഴ്‌സുമാരിൽ നിന്നും ഡോക്ടർമാരിൽ നിന്നും കൊറോണർ മൊഴി എടുക്കും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയും കൊറോണറുടെ അന്വേഷണത്തിൽ ഉൾപ്പെടുമെന്നാണ് സൂചന.
കൊറോണറുടെ റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണെന്നും, കൊറോണറിൽ നിന്നുള്ള എല്ലാ ശുപാർശകളും സർക്കാർ പരിഗണിക്കുമെന്നും WA ആരോഗ്യ മന്ത്രി ആംബർ-ജേഡ് സാൻഡേഴ്സൺ പറഞ്ഞു.
ഏപ്രിൽ മൂന്നിന് രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയാമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യയുടെ മാതാപിതാക്കളെന്ന് കുടുംബ വക്താവ് സുരേഷ് രാജൻ പ്രതികരിച്ചു.
ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് അന്വേഷണങ്ങൾ സർക്കാർ നടത്തിയിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന ആരോഗ്യവകുപ്പിൻറെ അന്വേഷണ റിപ്പോർട്ടും നേരത്തെ പുറത്തു വന്നിരുന്നു.
2021 ഏപ്രിൽ മൂന്നിന് അത്യഹിത വിഭാഗത്തിലെത്തിയ ഐശ്വര്യ രണ്ട് മണിക്കൂറിലേറെ കാത്തിരുന്നുവെന്നാണ് റിപ്പോർട്ട്. അടിയന്തര പരിചരണം ആവശ്യമില്ലെന്ന നഴ്സിൻറെ വിലയിരുത്തലിനെ തുടർന്നാണ് ചികിത്സക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടാമത്തെ കേസായാണ് ഐശ്വര്യയെ പരിഗണിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.കുട്ടിയുടെ ആരോഗ്യ നില ചൂണ്ടിക്കാട്ടി അമ്മ പ്രസീത ശശിധരൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തിൽ ആശങ്കപ്പെടാറുണ്ടെന്നാണ് സംഭവത്തിൽ ഉൾപ്പെട്ട നഴ്സ് അന്വേഷണ സമിതിയോട് പറഞ്ഞത്.
സ്‌ട്രെപ്‌റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സമയത്ത് കണ്ടെത്തുന്നതിലും ഡോക്ടര്‍മാരെ അറിയിക്കുന്നതിലുമുണ്ടായ വീഴ്ച മരണകാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഐശ്വര്യയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം സർക്കാർ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണസമിതിയും സർക്കാരിന് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമിതി സമർപ്പിച്ച 30 ശുപാർശകളിൽ ആറെണ്ണം നടപ്പാക്കിയതായി WA സർക്കാർ പറയുന്നു. അവശേഷിക്കുന്നവ അടുത്ത 12 മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് WA ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് പിന്നാലെ WA ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് സർവീസ് (CAHS) ബോർഡ് ചെയർ ഡെബ്ബി കരാസിൻസ്‌കി രാജി വെച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയുടെ ചികിത്സയിൽ നേരിട്ട് ഇടപെട്ട രണ്ട് നഴ്സുമാർക്കും ഒരു ഡോക്ടറിനും നേരെ AHPRAയും അന്വേഷണം നടത്തിയിരുന്നു.
You might also like