93 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തായ്‌ലാന്റില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് അംഗീകാരം
ബാങ്കോക്ക്: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ തായ്‌ലാന്റില്‍ നീണ്ട 93 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് അംഗീകാരം. 3 ക്രിസ്ത്യൻ ദേവാലയങ്ങളും 6 ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഒന്‍പതോളം ആരാധനാലയങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23-ന് തായ്‌ലാന്‍റ് സാംസ്കാരിക മന്ത്രാലയം അംഗീകാരം നല്‍കിയത്. ബാങ്കോക്കിലെ സെന്റ് തോമസ് അപ്പസ്തോലിക് ചര്‍ച്ച്, നാന്‍ പ്രവിശ്യയിലെ സെന്റ് മോണിക്ക, ഫ്രായെ പ്രവിശ്യയിലെ ‘സെന്റ് ജോസഫ് ദി വര്‍ക്കര്‍’ ദേവാലയം എന്നിവയാണ് പുതുതായി അംഗീകാരം ലഭിച്ച ദേവാലയങ്ങള്‍. മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിന്റെയും, ധാര്‍മ്മിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്നു സാംസ്കാരിക മന്ത്രി ഇത്തിഫോല്‍ ഖുണ്‍പ്ലൂയെം പറഞ്ഞു.
1929 വരെ വെറും 57 ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് മാത്രമായിരുന്നു തായ്‌ലാന്റില്‍ അംഗീകാരമുണ്ടായിരുന്നത്. പുതിയ അംഗീകാരത്തോടെ ഇത് 60 ആയി ഉയര്‍ന്നു. മതപരമായ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നിയമത്തിന്റെ രൂപരേഖക്ക് കഴിഞ്ഞ വര്‍ഷമാണ് തായ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 200 അംഗങ്ങളും ഒരു സ്ഥിര പാസ്റ്ററോ പുരോഹിതനോ ഉണ്ടെങ്കില്‍ മാത്രമേ പുതിയ പള്ളി സ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂവെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ നിയമത്തില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിക്കാവുന്നതാണ്.
ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ആരാധനലയങ്ങളുടെ ലിസ്റ്റ് വര്‍ഷം തോറും റിലീജിയസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിടണമെന്നും, ഇത്തരം ആരാധനാലയങ്ങൾക്ക് അംഗീകാരം നേടുവാന്‍ രണ്ടു വര്‍ഷത്തെ സമയമുണ്ടായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും, ഇത് ഭാവിയില്‍ കൂടുതല്‍ സുരക്ഷയും ഉറപ്പും നല്‍കുമെന്നും ഒരു ക്രിസ്ത്യൻ കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2019-ലെ കണക്കനുസരിച്ച് 3,88,000 ക്രിസ്ത്യാനികളാണ് തായ്‌ലാന്റിലുള്ളത്. 6.9 കോടിയോളം വരുന്ന തായ് ജനസംഖ്യയുടെ വെറും അര ശതമാനമാണിത്.