യാമാരംഭങ്ങളിലെ നിലവിളികൾ

0

വിലാ. 2:19a,b “രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക.”

നിർദ്ദയം ജ്വലിച്ചിറങ്ങിയ യഹോവയുടെ കോപവും ന്യായവിധിയും (2:1-10), യെരുശലേമിനെ ഓർത്ത് വിലപിക്കുന്ന പ്രവാചകൻ (2:11-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യഹോവയുടെ കോപം ജ്വലിച്ചിറങ്ങിയതിന്റെ പരിണിതിയെന്നോണം യെരുശലേമിന്റെ സകല സംവിധാനങ്ങളും തകിടം മറിയപ്പെട്ടു. അവരുടെ ഭരണാധികാരികൾ മാറ്റപ്പെട്ടു (2:2); അരമനകളും കോട്ടകളും വിശുദ്ധമന്ദിരവും നശിപ്പിക്കപ്പെട്ടു (2:5 -7); ഉത്സവങ്ങളും ശബത്തുകളും മറന്നുകളഞ്ഞു (2:6); രാജാവും പുരോഹിതനും നിരസിക്കപ്പെട്ടു (2:8,9); നേതാക്കന്മാർ പ്രവാസത്തിലേക്കു പോകേണ്ടതായി വന്നു (2:9); ന്യായപ്രമാണം അവഗണിക്കപ്പെട്ടു (2:9); പ്രവാചക ശബ്ദം നിശബ്ധമാക്കപ്പെട്ടു (2:9) ഇങ്ങനെ എണ്ണിപ്പറയാനാവുന്ന നിരവധി പരിണിതകൾ യിസ്രായേലിന്റെ സാധാരണജീവിതം ദുരിതപൂർണ്ണമാക്കി മാറ്റിക്കളഞ്ഞു. യഹൂദാ പാരമ്പര്യമനുസരിച്ചു ഒരു രാത്രിയ്ക്കു മൂന്നു യാമങ്ങളും പിൽക്കാലത്തു റോമൻ ഭരണകാലത്തു കൂട്ടിച്ചേർക്കപ്പെട്ട നാലാം യാമവുമാണുള്ളത്. നാലുമണിക്കൂറുകൾ വീതമുള്ള മൂന്നു യാമങ്ങളാണ് യഹൂദാ പരമ്പര്യമനുസരിച്ചുള്ളത്. സൂര്യാസ്തമയം മുതൽ രാത്രി പത്തുമണിവരെ ഒന്നാം യാമം, മദ്ധ്യയാമം (ന്യായാ. 7:19) എന്ന രണ്ടാം യാമം രാത്രി പത്തുമണി മുതൽ വെളുപ്പിനെ രണ്ടു മണിവരെ, രണ്ടു മണിമുതൽ സൂര്യോദയം വരെയുള്ള മൂന്നാം യാമം (പുറ. 14:24; 1 ശമു. 11:11) ഇങ്ങനെ യാമങ്ങൾ തിരിയ്ക്കപ്പെട്ടിരിക്കുന്നു. ഇരുട്ടിനും പ്രഭാതത്തിനും ഇടയിലുള്ള സമയത്തെ ‘നാലാം യാമം’ (മത്താ. 14:25; ലൂക്കോ. 12:38) എന്നാണ് പുതിയ നിയമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. യിസ്രായേലിന്റെ പതനത്തിലും ശൂന്യതയിലും വിലപിക്കുന്ന പ്രവാചകൻ ജനത്തെയും രാത്രിയിലെ ഓരോ യാമത്തിന്റെയും ആരംഭത്തിൽ എഴുന്നേറ്റു നിലവിളിക്കുവാൻ ആഹ്വാനം ചെയ്യുന്നു. വീഥിയുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ട് തളർന്നു വീഴുന്ന കുഞ്ഞുങ്ങളും മോശയുടെ ന്യായപ്രമാണത്തിൽ മുൻകുറിയ്ക്കപ്പെട്ടതു പോലെ സ്വന്തം കുഞ്ഞുങ്ങളുടെ മാംസം ഭക്ഷിക്കുന്ന മാതാപിതാക്കന്മാരും (ആവർ. 28:53) യാമാരംഭത്തിൽ ഉണർന്നു നിലവിളിക്കേണമെന്ന ആഹ്വാനം എത്രയോ തീവ്രമായ ഒരു സ്ഥിതിവിശേഷത്തിന്റെ തുറന്നെഴുത്തല്ലേ!

പ്രിയരേ, പ്രതികൂല പരിസരങ്ങളുടെ അതിജീവനം സ്വയപ്രയത്‌നത്താൽ നേടുക വൈഷമ്യകരമായ അനുക്രമമാണെന്ന തിരിച്ചറിവ് പ്രാപിക്കുന്നിടത്തു ‘വിലാപകന്റെ’ ആഹ്വാനം ഏറെ പ്രസക്തമാകുന്നു. അതായത്, രാത്രിയുടെ യാമാരംഭങ്ങൾ നിലവിളിയുടെ നിമിഷങ്ങളാക്കി മാറ്റുന്നിടത്തു മാറ്റങ്ങൾ സംഭവിക്കുമെന്ന സത്യത്തിനു അടിവരയിടുന്നതാണെനിക്കിഷ്ടം!

You might also like