ഇന്ത്യൻ നാവികസേനയുടെ പതാകയിലെ കുരിശുമാറ്റി ഇനി അശോക സ്തംഭവും, നങ്കൂരചിഹ്നവും, മുദ്രയും
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പുറത്തിറക്കി. പതാകയിലെ കുരിശ് പൂർണ്ണമായും ഒഴിവാക്കിയാണ് പുതിയ പതാക. ബ്രിട്ടീഷ് ഭരണകാലത്തെ എല്ലാ ഓർമകളേയും പൂർണ്ണമായി ഇല്ലാതാക്കി കൊണ്ടാണ് പുതിയ പതാക രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്.
മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉൾക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.
നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവർത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
വെള്ളപതാകയിലെ ചുവന്ന കുരിശും, കുരിശ്‌വരകൾ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമായിരുന്നു ഇതുവരെയുള്ള നാവികസേനാ പതാക. ചുവന്ന കുരിശിനെ സെന്റ് ജോർജ് ക്രോസെന്നാണ് അറിയപ്പെടുക. 1928 മുതൽ സെന്റ് ജോർജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്രസർക്കാർ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേർത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാൽ നിറം സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014-ലാണ് അവസാനമായി മാറ്റംവരുത്തിയത്.