ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി

0

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസിൻ്റെയും എക്‌സൈസിൻ്റേയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും.
ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡൻ്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.

ക്യാമ്പയിനിൻ്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നടത്തും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ്സ്, പി.ടി.എ. യോഗങ്ങള്‍ ചേരും. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനല്‍ വഴി ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ അവസരം ഒരുക്കും. തുടര്‍ന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിക്കും. ബസ് സ്റ്റാൻ്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും.

ഗാന്ധിജയന്തി ആഘോഷങ്ങള്‍ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റണമെന്ന് നിർദേശിച്ചു. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങി പ്രാദേശിക സാധ്യതകള്‍ പരിഗണിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും. ശുചീകരണത്തിൻ്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉല്‍പ്പന്നങ്ങള്‍ കുഴിച്ചുമൂടല്‍ തുടങ്ങിയവ ആവിഷ്കരിച്ച് നടപ്പാക്കും.

ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല സൃഷ്ടിക്കും. എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപീകരിക്കും.
എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ക്യാമ്പയിനില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

കുടുംബശ്രീ യൂണിറ്റുകളില്‍ ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങള്‍ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം.

ലഹരി ഉപഭോഗവും ലഹരി വിപത്തിനെ തടയലും സംബന്ധിച്ച് ആരാധാനാലയങ്ങളില്‍ പരാമര്‍ശിക്കുന്നതിന് അഭ്യര്‍ത്ഥിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷന്‍, എസ്.സി.ഇ.ആര്‍.ടിയുമായി ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കാവൂ.

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. പോസ്റ്ററില്‍ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തും.
വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എല്ലാ എക്‌സൈസ് ഓഫിസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനതല ജനജാഗ്രതാ സമിതികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതില്‍ എക്‌സൈസ്/പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് മാസത്തിലൊരിക്കല്‍ ഉന്നതതല അവലോകന യോഗം ചേരും. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ പരിശോധനയും വിലയിരുത്തലും നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകള്‍ അവരുടെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു.

You might also like