എലിസബത്ത് രാജ്ഞി അന്തരിച്ചു
ലണ്ടൻ∙ എലിസബത്ത് രാജ്ഞി അന്തരിച്ചു. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.
ഏറ്റവും കൂടുതൽ കാലം(70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞിക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു.
A statement from His Majesty The King: pic.twitter.com/AnBiyZCher
— The Royal Family (@RoyalFamily) September 8, 2022
1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
എലിസബത്ത് രാജ്ഞിയുടെ ജനനം ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നില്ല. ലണ്ടനിലെ മേഫെയറിലുള്ള ബ്രുട്ടൻ സ്ട്രീറ്റിലുള്ള വസതിയിലായിരുന്നു 1926ൽ ജനനം. മരണം സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലും.
The Queen died peacefully at Balmoral this afternoon.
— The Royal Family (@RoyalFamily) September 8, 2022
The King and The Queen Consort will remain at Balmoral this evening and will return to London tomorrow. pic.twitter.com/VfxpXro22W