അടയാളവും പ്രതിരൂപവുമായ പ്രവാചകൻ

0

യെഹെ. 4:8 “നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.”

ഇഷ്ടികയിന്മേൽ യെരുശലേമിന്റെ ചിത്രം വരച്ചു നഗരത്തിന്റെ നിരോധനം അടയാളമായി ചൂണ്ടിക്കാണിക്കുന്ന പ്രവാചകൻ (4:1-3), പ്രവാസത്തിന്റെ കാലാവധി ചൂണ്ടിക്കാണിക്കുന്ന അടയാളം തന്റെ ദേഹത്തിലൂടെ പ്രകടമാക്കുന്ന പ്രവാചകൻ (4:4-8), പ്രവാസത്തോടനുബന്ധമായി യിസ്രായേലിൽ ഉളവാകുവാൻ പോകുന്ന ഭക്ഷ്യ ദൗർലഭ്യതയുടെ കൃത്യമായ സൂചന (4:9-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ ശുശ്രൂഷ ഒരു വിശേഷ രീതിയിലായിരുന്നു. അതായതു, താൻതന്നെ യിസ്രായേലിന്നു ഒരു അടയാളമായി (4,5 അദ്ധ്യായങ്ങൾ) തീർന്നു. ഏറ്റവും കാഠിന്യമേറിയ ചില പശ്ചാത്തലങ്ങളാണ് ഇവിടുത്തെ വായന. യിസ്രായേലിന്മേൽ വരുവാനുള്ള നിരോധനവും പ്രവാസവും പ്രതിരൂപാത്മകമായി ആവിഷ്കരിക്കുവാൻ യഹോവയായ ദൈവം യെഹെസ്കേലിനോട് ആവശ്യപ്പെടുന്നു. ജനം കടന്നുപോകുവാനുള്ള അതികഠിനമായ പരിസരങ്ങളുടെ സകല വേദനകളും ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുമ്പോൾ ശാരീരികമായും മാനസികമായും പ്രവാചകൻ ഉത്പീഅഡനം അനുഭവിക്കുന്നു. അതായത്, യെഹെസ്കേൽ യിസ്രായേൽ പൗരന്റെ പ്രതിനിധിസ്ഥാനത്തു നിന്നുകൊണ്ട് യെരുശലേം നഗരത്തിന്റെ നിരോധനം ഏതു വിധത്തിൽ ഒരുവനെ ബാധിക്കുമെന്നു കൃത്യമായി അഭിനയിച്ചു കാണിക്കുന്നു എന്നു പഠിയ്ക്കുന്നതാണെക്കിഷ്ടം! ജനത്തോട് സംവദിക്കുവാൻ സ്വയം അടയാളമായി തീർന്ന പ്രവാചകൻ ഏറെ വിലകൊടുക്കേണ്ടി വന്നെന്നു നാം അറിയണം. പ്രവചനത്തിന്റെ കേവലശബ്ദമായി തീരുന്നതിലുപരി പ്രതിരൂപ ആവിഷ്കരണത്തിലൂടെ പ്രവാസത്തിന്റെയും അനുബന്ധ സംഭവങ്ങളുടെയും പച്ചയായ അനുഭവങ്ങൾ തന്നിലൂടെ പ്രകടമാക്കി ജനത്തെ ബോധവത്കരിക്കുവാനും അതിലൂടെ വരുവാനിരിക്കുന്ന നാശങ്ങളിൽ നിന്നും മുക്തരാകുവാൻ ജനത്തിനാകുമെന്ന സൂചനയും ഈ അടയാളങ്ങളുടെ ആകെത്തുകയാണ്. എല്ലാറ്റിലുമുപരി പ്രവാസത്തിനു നിയതമായ കാലപരിധിയും അതുകുറിയ്ക്കപ്പെട്ട പഞ്ചാംഗവുമുണ്ടെന്ന (4:4-8) ഉറപ്പു കൂടെ പ്രവാചകൻ നൽകുന്നതിലൂടെ ആദിയോടന്തമുള്ള ദൈവിക നടപടികളുടെ രൂപരേഖ എത്ര കൃത്യമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്നും വ്യക്തമല്ലേ!

പ്രിയരേ, യിസ്രായേലിനോടുള്ള ബന്ധത്തിൽ ദൈവിക പദ്ധതികൾ തത്‌ക്ഷണമുളവാകുന്ന അനുബന്ധങ്ങളോ അഥവാ പരിസരങ്ങളുടെ സമ്മർദ്ദാതിരേകത്താൽ രൂപപ്പെടുന്ന നിർബന്ധങ്ങളോ അല്ല; പ്രത്യുത, അവിടുത്തെ പഞ്ചാംഗത്തിൽ മുൻകുറിയ്ക്കപ്പെട്ട അടയാളപ്പെടുത്തലുകളായി തന്നെ ഗ്രഹിക്കണം. അതിന്റെ വെളിപ്പെടുത്തപ്പെടലുകളുടെ അടയാളങ്ങളായി തീരുന്ന ഭക്തന്മാർ ഭാഗ്യവാന്മാരാണെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like