രാജ്ഞി മാറി രാജാവ് വരുമ്പോൾ പലതും മാറുന്നു
ബ്രിട്ടന്റെ ദേശീയ ഗാനം 70 വർഷം മുൻപത്തെ നിലയിൽ തിരിച്ചെത്തി. ‘രാജ്ഞിയെ ദൈവം കാക്കട്ടെ’ (God save the Queen എന്നത് ഇനി ‘രാജാവിനെ ദൈവം കാക്കട്ടെ’ (God save the King) എന്നാകുന്നു. എലിസബത്ത് രാജ്ഞിയുടെ ഐതിഹാസികമായ ഏഴു പതിറ്റാണ്ടു വാഴ്ചയ്ക്കു ശേഷം കിംഗ് ചാൾസ് III എന്ന പദവിയിൽ പുത്രൻ ചാൾസ് രാജാവാകുന്നു. കിരീടധാരണം നീളുമെങ്കിലും രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച നിമിഷം തന്നെ ചാൾസ് രാജാവായി. ജോർജ് മൂന്നാമൻ രാജാവായിരിക്കെ അദ്ദേഹത്തെ ആദരിച്ചു 1745ൽ എഴുതിയതാണ് ഈ ഗാനം. 1800 കഴിഞ്ഞ ശേഷമാണ് അതു ദേശീയ ഗാനമായത്. എലിസബത്ത് സ്ഥാനമേറ്റപ്പോൾ ഗാനത്തിൽ രാജാവ് രാജ്ഞിയായി.
രാജ്ഞി അധികാരമേറ്റ് ദിവസം മുതൽ രാജ്യം അവരുടെ അന്ത്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്നാണു യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസർ ഫിലിപ് മർഫി പറയുന്നത്. അത്രയേറെ ചടങ്ങുകളുണ്ട് ബ്രിട്ടൻ ഏറെ ആദരിച്ച രാജ്ഞിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട്. ‘ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്’ എന്ന പേരിലാണ് ഒരുക്കങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. മാസങ്ങൾക്കു ശേഷം രാജാവ് അധികാരമേൽക്കുന്നതു വരെ നീളുന്ന പരിപാടികൾ.
രാജ്ഞിയുടെ മരണവാർത്ത അറിയിച്ച കോഡ് സന്ദേശം ഇങ്ങിനെ ആയിരുന്നു: ‘ലണ്ടൻ പാലം വീണു.’ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി എഡ് യങ്ങാണ് രണ്ടു ദിവസം മുൻപ് സ്ഥാനമേറ്റ പ്രധാന മന്ത്രി ലിസ് ട്രസിനെ മരണ വാർത്ത അറിയിച്ചത്. അതിനു ശേഷം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ഫോറിൻ ഓഫീസ് അക്കാര്യം കോമൺവെൽത് നേതാക്കളെ അറിയിച്ചു. ബ്രിട്ടീഷ് പ്രസ് അസോസിയേഷൻ ആണ് മാധ്യമങ്ങളെ അറിയിച്ചത്.
രാജ്യമൊട്ടാകെ കൊടികൾ പകുതി താഴ്ത്തിക്കെട്ടി. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞു പിറ്റേന്നു രാവിലെ അവ വീണ്ടും പഴയപടിയാവും. രാജാധികാരം പരിമിതമാണെങ്കിലും പാർലമെന്റ് അംഗങ്ങൾ രാജ്ഞി മരിച്ചു 24 മണിക്കൂറിനുള്ളിൽ പുതിയ രാജാവിനോട് കൂറ് പ്രഖ്യാപിച്ചു പ്രതിജ്ഞ എടുക്കണം.
ബക്കിംഗാം കൊട്ടാരത്തിലെ ത്രോൺ റൂമിൽ നാലു ദിവസം രാജ്ഞിയുടെ മൃതദേഹം സൂക്ഷിക്കും. പിന്നീട് പരേഡിന്റെ അകമ്പടിയോടെ വെസ്റ്റമിൻസ്റ്റർ ഹാളിലേക്കു കൊണ്ടുപോകും. സംസ്കാരം വരെ അവിടെയുണ്ടാകും. ഉയർന്ന പീഠത്തിൽ അധികാരത്തിന്റെയും അറിവിന്റെയും രാജകീയ മാന്തളിർ നിറമുള്ള തുണി കൊണ്ട് പൊതിഞ്ഞാവും ശവപ്പെട്ടി വയ്ക്കുക. പൊതു ജനങ്ങൾക്കും പല രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കും ആ സമയത്തു ആദരാഞ്ജലി അർപ്പിക്കാം.
വെസ്റ്റമിൻസ്റ്റർ ആബിയിലാണ് സംസ്കാരം. അന്നു രാവിലെ ചെറുഘോഷയാത്ര ഉണ്ടാവും. അത് 11 മണിക്ക് ദേവാലയത്തിനു മുന്നിൽ നിർത്തിയ ശേഷം ഒരു നിമിഷം രാഷ്ട്രം മൗനം ആചരിക്കും. ബക്കിംഗാം കൊട്ടാരം മുതൽ ട്രഫാൾഗർ സ്ക്വയർ വരെ ഘോഷയാത്ര നീളും.
ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിനു ശേഷം കൃത്യം ഒരു വർഷം കഴിഞ്ഞാണു രാജ്ഞിയുടെ വിടവാങ്ങൽ. കോവിഡ് പരിമിതികൾ മൂലം അദ്ദേഹത്തിന്റെ സംസ്കാരം ചെറിയൊരു ചടങ്ങായിരുന്നു.
അക്സെഷൻ കൗൺസിൽ എന്ന ഭരണഘടനാ സ്ഥാപനത്തിലെ അംഗങ്ങൾ സെന്റ് ജെയിംസ് കൊട്ടാരത്തിൽ സമ്മേളിച്ചു പുതിയ രാജാവിനെ പ്രഖ്യാപിക്കുന്ന ഔപചാരിക ചടങ്ങുണ്ട്. പിന്നെ ചാൾസ് ആദ്യ പ്രിവി കൗൺസിൽ യോഗം വിളിക്കും. ചർച് ഓഫ് സ്കോട്ലൻഡ്, ചർച് ഓഫ് ഇംഗ്ലണ്ട് എന്നിവയോടുള്ള വിധേയത്വം രാജാവ് പ്രഖ്യാപിക്കണം.
ഇതെല്ലം കഴിഞ്ഞാലും കിരീട ധാരണത്തിനു മാസങ്ങൾ എടുക്കും. ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞി എന്ന് വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു