ക്ഷൗരം ചെയ്യുന്ന വാൾ

0

യെഹെ. 5:3 “അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.”

തന്റെ തലമുടി ക്ഷൗരം ചെയ്‌തത്‌ നാലായി പകുത്ത് യിസ്രായേലിന്റെ പ്രവാസം സംബന്ധിച്ചുള്ള അടയാളത്തിന്റെ പ്രവചനം (5:1-4), യഹോവയുടെ ചട്ടങ്ങളെ പ്രമാണിക്കാതെ ജാതികളുടെ മ്ലേച്ഛതകളിൽ അഭിരമിക്കുന്ന യിസ്രായേലിന്മേലുള്ള ദൈവിക തീഷ്ണത (5:4-11), നാലായി വിഭജിക്കപ്പെട്ട തലമുടിയുടെ പൊരുൾ (5:12-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെ സംബന്ധിച്ചുള്ള യെഹെസ്കേൽ പ്രവാചകന്റെ നാലാമത്തെ അടയാളമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. വാൾ, ക്ഷൗരക്കത്തിയായി ഉപയോഗിക്കുവാൻ പ്രവാചകൻ നിദ്ദേശിക്കപ്പെടുന്നു. സാധാരണഗതിയിൽ പൊതുവെ യുദ്ധത്തെ സൂചിപ്പിക്കുന്ന അലങ്കാര പ്രയോഗമാണ് വാൾ. ഈ ധാരണയിൽ വേണം നമ്മുടെ പഠനം പുരോഗമിക്കേണ്ടത്! തലമുടി ക്ഷൗരം ചെയ്യുകയല്ല വാളിന്റെ ഉപയോഗമെന്നു കണ്ടല്ലോ! പിന്നെ ഇവിടെ അത്തരത്തിലൊരു അടയാളത്തിന്റെ പ്രസക്തിയെന്താണ്! യിസ്രായേല്യ അനുഷ്ഠാന നിയമങ്ങൾ അനുസരിച്ചു, തലമുടിയുടെ ക്ഷൗരം ചെയ്യൽ വിലാപത്തെ പ്രതിഫലിപ്പിക്കുന്നതും (യിരെ. 41:5; 48:37) അപമാനത്തെ സൂചിപ്പിക്കുന്നതുമായ (2 ശമു. 10:4-5) സാധാരണമായ അനുക്രമമാണ്. മാത്രമല്ല, തലമുടിയുടെ ക്ഷൗരം ചെയ്യൽ പൗരോഹിത്യ ശുശ്രൂഷയുടെ അന്തം കുറിയ്ക്കുന്ന (ലേവ്യ. 21:5; 19:27) നടപടിയായും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ആശയങ്ങൾ പരിഗണനയിലെടുത്താൽ വാളിന്റെ അങ്ങുമിങ്ങുമുള്ള നാശവും അഥവാ യുദ്ധവും അതുനിമിത്തം ഉളവാകുന്ന അപമാനകരമായ ചിതറിപ്പോക്കും, വിലാപങ്ങളും, യഹോവയുടെ ആലയത്തിന്റെ നശീകരണവും കൊള്ളയിടപ്പെടലും പൗരോഹിത്യത്തിന്റെ റദ്ദാക്കപ്പെടലും ഈ അടയാളത്തിലൂടെ എത്രയും വ്യക്തമായി ചിത്രീകരിക്കപ്പെടുന്നില്ലേ! എങ്കിലും ക്ഷൗരം ചെയ്യപ്പെട്ടു വിഭജിക്കപ്പെട്ട തലമുടിയിൽ നിന്നും വേർതിരിച്ചു പ്രവാചകന്റെ വസ്ത്രത്തിന്റെ കോന്തലയ്ക്കൽ കെട്ടി സൂക്ഷിക്കപ്പെട്ട “കുറഞ്ഞോരു സംഖ്യയായ” നാലാമത്തെ ഭാഗം (5:3) വിശേഷാൽ ശ്രദ്ധിക്കപ്പെടുന്നു! അതിൽ നിന്നും പിന്നെയും “അൽപ്പം” എടുത്തു തീയിൽ ചുട്ടുകളയുമെങ്കിലും (5:4), പിന്നെയും ശേഷിക്കുന്ന “ശേഷിപ്പ്” ദൈവകരുണയുടെ പാത്രങ്ങളായി തീരുമെന്ന ഉറപ്പു അഴിവില്ലാത്ത ദൈവിക കാര്യപരിപാടികളുടെ നിശ്ചയമല്ലാതെ മറ്റെന്താണ്!

പ്രിയരേ, അനിവാര്യമായ ദൈവിക ന്യായവിധിയുടെ ചൊരിയൽ ദേശത്തിന്റെ അണുവിടപോലും അവശേഷിപ്പിക്കാതെ ബാധിതമാകുമ്പോഴും “കുറഞ്ഞോരു സംഖ്യയായ” “അൽപ്പം ശേഷിപ്പിനെ” തുടരുന്ന പദ്ധതികൾക്കായി നീക്കിവയ്ക്കുന്ന അവിടുത്തെ കരുതൽ വർണ്ണിക്കുവാൻ ഭാഷയ്ക്കും പദവിന്യാസങ്ങൾക്കും തീരെ പരിമിതിയുണ്ട്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like