അനർത്ഥത്തിന്റെ പ്രഖ്യാപനവും അനുഗ്രഹത്തിന്റെ കൈയ്യേൽക്കലും

0

യെഹെ. 6:10 “ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.”

വിഗ്രഹാരാധകർക്കള്ള ന്യായവിധി (6:1-7), ന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുന്ന ഒരു ശേഷിപ്പ് (6:8-10), ദുരന്തങ്ങളും വിലാപങ്ങളും (6:11-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കനാൻനാട് അവകാശമായി ലഭിക്കപ്പെട്ടു അതിൽ പാർത്തുവന്ന യിസ്രായേൽ മക്കൾ സകലത്തെയും സൃഷ്‌ടിച്ച സർവ്വശ്രേഷ്ഠനായ ദൈവത്തിന്റെ ജനമായിരുന്നു. ഈ പദവിയുടെ ആനുകൂല്യം അനുഭവിക്കുന്ന അതേ അവസരത്തിൽ ദൈവേച്ഛയിൽ നിന്നും ദൈവാരാധനയിൽ നിന്നും വ്യതിചലനം സംഭവിച്ച ജനം ദൈവിക ഉടമ്പടിയിൽ നിന്നും ബഹുദൂരം നടന്നകന്നു. അതിന്റെ കൃത്യമായ തെളിവുകൾ യിസ്രായേൽ ദേശത്തിലെ സകല മലകളിലും കുന്നുകളിലും നീരൊഴുക്കുള്ള താഴ്വരകളിലും (6:3) ബലിപീഠങ്ങളായും സൂര്യസ്‌തംഭങ്ങളായും വിഗ്രഹങ്ങളായും (6:4,5) ദൃഷ്‌ടിഗോചരങ്ങളാകുന്നതിന്റെ നേർക്കാഴ്ച പ്രവാചകൻ വരച്ചുകാട്ടുന്നു. നശിപ്പിച്ചു കളയണമെന്നു കൽപ്പന കൊടുക്കപ്പെട്ട വിഗ്രഹങ്ങൾ (ആവർ. 7:5) പണിതുയർത്തുന്നതിലെ വിരോധാഭാസം പഴയനിയമ പ്രവാചകന്മാരുടെ നൈരന്തര്യമായ ചൂണ്ടിക്കാട്ടൽ ആയിരുന്നു. ഇവിടെയും അതിന്റെ ആവർത്തനം പ്രമേയമാകുന്നു. ദൈവാഭിമുഖമായി വരുവാൻ താത്പര്യമില്ലാത്ത ജനത്തെ ദൈവത്തിങ്കലേക്കു മടക്കിവരുത്തി അവിടുത്തെ വാഗ്ദത്തങ്ങളുടെ പൂർത്തീകരണം സാധ്യമാക്കുവാനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു പ്രവാസവും അനുബന്ധ പ്രതിഭാസങ്ങളും. മുന്നറിയിപ്പുകളുടെ മൃദുസമീപനത്തോടും ചിതറിപ്പോകലും (6:8), മഹാമാരിയും, വാളും, ക്ഷാമവും (6:12) മുതലായ കഠിന സാഹചര്യങ്ങളോടും ജനത്തിന്റെ പ്രതികരണം അത്ര ആശാവഹമല്ലായിരുന്നു. എങ്കിലും അവിടുത്തെ വാഗ്ദത്ത നിവൃത്തിയുടെ ഭാഗമായി “ഒരു ശേഷിപ്പിനെ വച്ചേക്കും” (6:8) എന്ന ശുഭോദ്ദീപകമായ പരമാർശം വിശേഷാൽ ചിന്തനീയമല്ലേ! യഹോവ ആരെന്നു ജനം അറിയുവാനും അവരുടെമേൽ വരുന്ന അനർത്ഥങ്ങൾ വെറുതെയല്ലെന്ന് തെളിയിക്കുവാനുമായി ദൈവം നിരൂപിക്കുന്ന പദ്ധതികൾ എത്ര ശ്രേഷ്ഠം!

പ്രിയരേ, അനർത്ഥത്തിന്റെ പ്രഖ്യാപനം വെറുതെയല്ല അവിടൂന്നു നടത്തുന്നത്. അതിലൂടെ ജനം ദൈവത്തെയും ദൈവകരുണയെയും തിരിച്ചറിയണം. മാത്രമല്ല, ദൈവം വെറുക്കുന്ന മ്ലേച്ഛതകൾ അതേപടി വെറുക്കുവാൻ അവർ തയ്യാറാകുകയും വേണം. അതായത്, മാനസാന്തരത്തിന്റെ പ്രതിഫലനവും അനുഗ്രഹത്തിന്റെ കൈയ്യേൽക്കലുമാണ് അനർത്ഥത്തിന്റെ പ്രഖ്യാപനത്തിലൂടെ ഉന്നം വയ്ക്കുന്നതെന്നും സംഗ്രഹിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like