ക്രിസ്തു വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ട് ചാള്‍സ് രാജാവിന്റെ ആദ്യ പൊതു അഭിസംബോധന
ലണ്ടൻ: തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോടുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും എടുത്ത് പറഞ്ഞുകൊണ്ട് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ രാഷ്ട്രത്തോടുള്ള ആദ്യ പൊതു അഭിസംബോധന. പൊതു അഭിസംബോധനയോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ രണ്ടായിരം പേര്‍ പങ്കെടുത്തു. തന്റെ ക്രിസ്തു വിശ്വാസം മറ്റുള്ളവരോട് തനിക്കുള്ള കടമകളെ കുറിച്ചുള്ള ഒരു ബോധ്യം നല്‍കിയെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആഴത്തില്‍ വേരൂന്നിയതാണ് തന്റെ വിശ്വാസമെന്നും ചാള്‍സ് മൂന്നാമന്‍ കൂട്ടിച്ചേര്‍ത്തു.
രാജവാഴ്ചയുടെയും, രാജാവിന്റെയും പ്രത്യേക ഉത്തരവാദിത്വവും കടമകളും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, തന്റെ ക്രിസ്തു വിശ്വാസം തന്റെ കടമകള്‍ നിറവേറ്റുവാനും രാഷ്ട്രത്തിന്റെ പാരമ്പര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുവാനും തനിക്ക് പ്രചോദനം നല്‍കിയെന്നും ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. 70 വര്‍ഷക്കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന ശേഷം സമീപ ദിവസം അന്തരിച്ച തന്റെ പ്രിയപ്പെട്ട അമ്മക്ക് നന്ദി അര്‍പ്പിക്കുവാനും രാജാവ് മറന്നില്ല. പാരമ്പര്യത്തോടുള്ള സ്നേഹവും, ഒരു മഹത്തായ രാഷ്ട്രത്തിന്റെ പുരോഗതിയും തന്റെ അമ്മയുടെ സേവനത്തില്‍ താന്‍ കണ്ടുവെന്ന് ചാള്‍സ് മൂന്നാമന്‍ അനുസ്മരിച്ചു.
യുകെ ജനതയെയും, കോമണ്‍വെല്‍ത്തിനേയും വിശ്വസ്തതയോടും ബഹുമാനത്തോടും കൂടി സേവിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞ ചാള്‍സ് മൂന്നാമന്‍, അന്തരിച്ച തന്റെ പിതാവ് ഫിലിപ്പ് രാജകുമാരനോടുള്ള ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജ സിംഹാസനത്തിലിരുന്ന ആള്‍ എന്ന ബഹുമതിക്കര്‍ഹയായ എലിസബത്ത് രാജ്ഞി അന്തരിച്ചതിനേ തുടര്‍ന്നാണ് മൂത്ത മകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവുകുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണര്‍, വിശ്വാസ സംരക്ഷകന്‍ എന്നീ പദവികള്‍ക്കും ചാള്‍സ് മൂന്നാമന്‍ അര്‍ഹനാവും.