സോഷ്യൽ മീഡിയയിലൂടെ വൈറലായ പാസ്റ്ററുടെ തട്ടുകട സാമൂഹ്യ വിരുദ്ധർ തകർത്തു
പൊറോട്ടവാങ്ങുന്നവർക്കു ചിക്കൻ കറിയും ബീഫ് കറിയും സൗജന്യമായി കൊടുത്തു സോഷ്യൽ മീഡിയയിലൂടെ വൈറലായ പാസ്റ്ററുടെ തട്ടുകട സാമൂഹ്യ വിരുദ്ധർ തകർത്തു. കോട്ടയം വാകത്താനത്തിനടുത്ത് ചീരംചിറയിൽ വ്യത്യസ്തമായ നിലയിൽ തട്ടുകട നടത്തിയിരുന്ന സജി പാസ്റ്റർക്കാന് ഈ ദുരനുഭവം.
തിരുവോണ ദിവസമാണ് ആക്രമികൾ തട്ടുകടയുടെ ബോർഡുകളും മേശയും കസേരകളുമൊക്കെ നശിപ്പിച്ചത്. കടയിൽ വന്ന ചിലർ മദ്യപിക്കാൻ വെള്ളവും ഗ്ലാസ്സും ചോദിച്ചിട്ടു കൊടുക്കാതിരുന്നതിന്റെ വൈരാഗ്യത്തിനാണ് ഇവർ പാസ്റ്ററുടെ തട്ടുകട തകർത്തതെന്ന് വാർഡ് മെമ്പർ പറയുന്നു.
പാസ്റ്റർ സജി പി എസും ഭാര്യ മിനിയും കോവിഡ് കാലത്താണ് ഈ തട്ടുകട ആരംഭിച്ചത്. പൊറോട്ട വാങ്ങുന്നവർക്ക് കറി സൗജന്യമായി കൊടുക്കുന്നത് നിരവധി യൂട്യൂബ് ചാനലുകൾ വാർത്തയാക്കിയതോടെ പാസ്റ്ററുടെ തട്ടുകട ലോകപ്രസിദ്ധമായി.
ചങ്ങനാശ്ശേരി ചീരൻചിറ സ്വദേശിയായ സജി എന്ന ചെറുപ്പക്കാരൻ, 14 വർഷത്തോളം സുവിശേഷ വേലയിൽ വ്യാപൃതനായിരുന്നു. തിരുവല്ല കണിയാൻപാറയിൽ ശുശ്രൂഷകനായി സേവനം ചെയ്തുവരവേ കോവിഡ് വ്യാപകമാകുകയും ഉപജീവനത്തിന് മാർഗങ്ങൾ ഇല്ലാതെയാകുകയും ചെയ്തതോടെയാണ് തട്ടുകട ആരംഭിച്ചത്.
തട്ടുകടയോടൊപ്പം ഒഴിവുള്ള സമയങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു. ദിവസവും നാലുമണിക്ക് എഴുന്നേൽക്കുന്ന സജി രാവിലെ 10 മണിവരെ ട്രാക്റ്റ് വിതരണത്തിനും പരസ്യ സുവിശേഷ പ്രവർത്തനത്തിനും പോയശേഷമാണ് ഉച്ചയോടെ തട്ടുകട തുറക്കുന്നത്.