ഓസ്‌ട്രേലിയയ്ക്ക് എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത്: തുറക്കാൻ 63 വര്‍ഷം കാത്തിരിക്കണം
ഓസ്ട്രേലിയയിലെ സിഡ്നിയിൽ എലിസബത്ത് രാജ്ഞിയുടെ രഹസ്യകത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. സിഡ്നിയിലെ ക്വീൻ വിക്റ്റോറിയ ബിൽഡിങ്ങിലെ ഒരു നിലവറക്കുള്ളിൽ ഗ്ലാസ് കേസിൽ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല. അടുത്ത 63 വർഷങ്ങൾക്ക് ശേഷം 2085ൽ മാത്രമേ കത്ത് തുറക്കൂവെന്നും റിപ്പോർട്ട് പറയുന്നു.
സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയിരിക്കുന്നത്. 1986 നവംബറിൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ എത്തിയപ്പോഴാണ് രാജ്ഞി കത്തെഴുതിയത്. എന്നാൽ ഈ കത്ത് കൈമാറിക്കൊണ്ട് അവർ അന്നത്തെ മേയറോട് പറഞ്ഞത്, എഡി 2085-ൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവർ തുറന്ന് സിഡ്നിയിലെ പൗരന്മാർക്ക് എന്റെ സന്ദേശം അറിയിക്കുമോ എന്നായിരുന്നു. അതു പ്രകാരം കത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. എലിസബത്ത് ആർ എന്ന് ലളിതമായി ഒപ്പിട്ട കത്താണ് അതെന്നും എന്നാൽ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ പേഴ്സണൽ സ്റ്റാഫിനു പോലും അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓസ്ട്രേലിയയുടെ രാഷ്ട്രത്തലവനായി എലിസബത്ത് രാജ്ഞി 16 തവണ രാജ്യം സന്ദർശിച്ചു. ഇതുവരെ ഓസ്ട്രേലിയ സന്ദർശിച്ച ഏക പരമാധികാരിയും എലിസബത്ത് രാജ്ഞിയാണ്. രാജ്ഞിയുടെ ഹൃദയത്തിൽ ഓസ്ട്രേലിയക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.