മഷിക്കുപ്പിയും വെണ്മഴുവും യഹോവയുടെ മഹത്വവും

0

യെഹെ. 9:11 “ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.”

ദേശത്തിലെ മ്ലേച്ഛതകൾ നിമിത്തം കരയുന്ന പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു സംരക്ഷിക്കുകയും അല്ലാതുള്ളവരെ കൊന്നുകളയുകയും ചെയ്യുന്നതിന്റെ ദർശനം (9:1-7), യഹോവ ദേശത്തെ വിട്ടുപോയതിന്റെ നേർക്കാഴ്ച (9:8-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ തുടരുന്ന ദർശനത്തിൽ ഒരു വലിയ കൂട്ടക്കൊലയുടെ ചിത്രമാണ് വരച്ചു കാട്ടപ്പെടുന്നത്. വെണ്മഴു കരത്തിലേന്തിയ ആറു പുരുഷന്മാരും അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായി ഒരു പുരുഷനും യഹോവയുടെ ആലയത്തിനകത്തു താമ്രപീഠത്തിനരികെ നിൽക്കുന്നു. അതേസമയം അതിപരിശുദ്ധ സ്ഥലത്തു കൃപാസനത്തിലെ കെരൂബിന്മേൽ ഇറങ്ങി ആവസിച്ചിരുന്ന യഹോവയുടെ മഹത്വം, ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നു നിൽക്കുന്നു (9:3). പിന്നീടത് പുറത്തെ പ്രകാരത്തിലെ കിഴക്കേ ഗോപുരത്തിലേക്കും (10:18-19) പിന്നെ ഒലിവുമലയിലേക്കും (11:23) മാറിപ്പോകുകയും ഒടുവിൽ സഹസ്രാബ്ദ കാലത്തിലെ ആലയത്തിലേക്കു മടങ്ങി വരുന്നതിനെയും ദർശനം (43:2-5) യെഹെസ്കേലിന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ളത് സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ! കൃപാസനത്തിൽ നിന്നും ഉമ്മരപ്പടിയിലേക്കു നീങ്ങിയ യഹോവയുടെ മഹത്വം, ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയും ഓടത്തണ്ടുകൊണ്ടുള്ള എഴുത്തുകോലുമായി നിന്ന പുരുഷനെ ഒരു വലിയ കൂട്ടക്കൊലയ്ക്ക് നിയോഗിക്കുന്ന ദർശനമാണിത്. അതായത്, ആലയത്തിലെ മ്ലേച്ഛതകൾ അതിരുകടന്നു പാരമ്യതയിലെത്തി നിൽക്കുന്നു; അതിനെ കണ്ടു നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു വേർതിരിക്കുവാൻ ആജ്ഞ പുറപ്പെടുന്നു. അടയാളമിടപ്പെടാത്തവരെ പരിഗണനയേതുമില്ലാതെ കൊന്നുകളയുവാൻ വെണ്മഴു കരങ്ങളിലേന്തിയ പുരുഷന്മാർ പിന്നാലെ സഞ്ചരിക്കുന്നു. ഒരു വലിയ സംഹാരത്തിന്റെ ചിത്രമാണ് ഈ ദർശനത്തിന്റെ ആകെത്തുക. “യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല” (9:9c,d; 8:12) എന്ന മനോഭാവത്തിനെത്തിരെയുള്ള യഹോവയുടെ ഇടപെടലായി ഈ അനുക്രമത്തെ കാണുന്നതാണെനിക്കിഷ്ടം!

പ്രിയരേ, യഹോവയുടെ ദേശത്തെ അവിടൂന്നു വിട്ടുകളയുമെന്നോ? ഒരുനാളുമില്ല. അവിടുത്തെ ദൃഷ്ടികൾ ദേശത്തിലെ മ്ലേച്ഛതകളും അതിക്രമങ്ങളും കാണാതിരിക്കുമെന്നോ? ഒരുനാളുമില്ല. ദേശം യഹോവയുടെ മഹത്വത്താൽ നിറയപ്പെടേണമെന്ന ദൈവേച്ഛയ്ക്ക് അനുകൂലമായ സമീപനമാണ് ദൈവപ്രസാദത്തിനു നമ്മിൽ നിന്നും അവിടുത്തെ പ്രതീക്ഷ എന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like