വിക്ടോറിയയില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; പലരും ഗുരുതരാവസ്ഥയില്‍

0
ബുധനാഴ്ച പുലർച്ചെ 3.15 ഓടെ ബാക്വസ് മാർഷിലാണ് അപകടമുണ്ടായത്. ബല്ലാറട്ടിലെ ലോറേട്ടോ കോളേജിലെ വിദ്യാർത്ഥിനികൾ യാത്ര ചെയ്തിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിലെ നാസയുടെ ബഹിരാകാശ ക്യാമ്പിനായി പുറപ്പെട്ടതായിരുന്നു സ്കൂൾ സംഘം.

വെസ്റ്റേൺ ഹൈവേയിലെ കോൺഡോൺസ് ലെയ്‌ൻസ് ഇൻറർസെക്ഷന് സമീപത്തായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് താഴെക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസിൽ 27 വിദ്യാർത്ഥിനികളും നാല് മുതിർന്നവരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന എല്ലാവരും സമീപത്തെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രണ്ട് ടീച്ചർമാരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.

ലോറേട്ടോ കോളേജിലെ 9-12 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. കൊവിഡിനെ തുടർന്ന് 2020ൽ മാറ്റിവെച്ച പഠനയാത്രയായിരുന്നു ഇത്. അപകടത്തെത്തുടർന്ന് ബല്ലാറട്ട് ബേസ് ഹോസ്പിറ്റലിൽ ബ്രൗൺ കോഡ് പ്രഖ്യാപിച്ചു. ആശുപത്രികളുടെ സമ്മർദ്ദം കുറക്കുന്നതിനായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അപകടത്തിൻറെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. രക്ഷിതാക്കളോട് അപകടസ്ഥലത്തേക്ക് പോകരുതെന്നും, ബല്ലാറട്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച സ്ഥലത്ത് എതാനും മണിക്കൂറുകൾക്ക് മുൻപ് മറ്റൊരപകടം കൂടി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അതേ സ്ഥലത്ത് തന്നെ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചത്.
You might also like