പ്രതിദിന ചിന്ത | ഒരു കണ്ണിനും കനിവ് തോന്നാത്ത യിസ്രായേൽ
യെഹെ. 16:60 “എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.”
വ്യഭിചാരിണിയായ സ്ത്രീയുടെ ഉപമയിൽ അവളുടെ യൗവനത്തിന്റെ വർണ്ണന (16:1-14), അവളുടെ പാപങ്ങൾ (16:15-34), അവളുടെ ശിക്ഷാവിധി (16:35-52), അവളുടെ യഥാസ്ഥാപനം (16:53-63) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യിസ്രായേലിനെ അവിശ്വസ്തയായ ഭാര്യയോട് ഉപമിച്ചു ഈ അദ്ധ്യായത്തിൽ ചിത്രീകരിക്കുന്നു. ഇതിനു തുല്യമായ പ്രമേയത്തിൽ ഹോശേയ 1- 3; യിരെ. 2; യെശ. 1:21; 50:1 മുതലായ തിരുവെഴുത്തുകളിലും യിസ്രായേലിനെ വർണ്ണിക്കുന്നുണ്ട്. യിസ്രായേലിന്റെ ആത്മീക അധഃപതനം ആലങ്കാരികമായി ചിത്രീകരിച്ചിട്ടുള്ള ഈ അദ്ധ്യായത്തിൽ അത്യന്തം ഗുരുതരമായ പാപങ്ങളുടെ തുറന്നെഴുത്തു പച്ചയായ ഭാഷയിൽ വായിച്ചെടുക്കാം. വിഗ്രഹാരാധന ഇത്രയധികം ‘ജനകീയമായിരുന്ന’ ഒരിടത്തു വ്യഭിചാരം, പരസംഗം, വേശ്യാവൃത്തി മുതലായ എല്ലാ മ്ലേച്ഛതകളും നിർവിഘ്‌നം നടന്നിരുന്നെന്നു മനസ്സിലാക്കുവാൻ പ്രയാസമുണ്ടോ! കനാനിൽ നിന്നുള്ള യിസ്രായേലിന്റെ ഉത്ഭവം (16:3) എന്ന പ്രയോഗം അബ്രഹാമിന്റെ വിളിയിലേക്കുള്ള വിരൽചൂണ്ടലായി കാണുന്നതാണെനിക്കിഷ്ടം! മാത്രമല്ല, “നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ” എന്ന പ്രസ്താവന അബ്രഹാമിനു മുമ്പ് കനാനിൽ പാർത്തിരുന്ന ജാതികളുടെ പൊതുവായ അഭിസംബോധനയായി കരുതാം. അത്തരം ജാതീയ പാരമ്പര്യങ്ങളിൽ നിന്നും യിസ്രായേൽ ആർജ്ജിച്ചെടുത്ത സമ്പ്രദായങ്ങൾ നന്നായി വിമർശന വിധേയമാകുന്നു ഇവിടെ. ജനനസമയത്തു ഒരു ശിശുവിന് അർഹമായ ന്യായമായ അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടുതിരുന്ന (16:4) സംഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്നു പ്രവാചകൻ. ഒരു കണ്ണിനും കനിവ് തോന്നാതെ വെറും വെറുപ്പിന്റെ പാത്രമായിരുന്ന (16:4) യിസ്രായേലിന്റെ ജനനം മുതൽ യൗവനത്തിന്റെ പടിവാതിൽക്കലോളം യഹോവയായ ദൈവം കരുതി സംരക്ഷിച്ചു. എന്നാൽ യൗവനയുക്തയായി തീർന്ന യിസ്രായേലാകട്ടെ, ദൈവത്തോട് അവിശ്വസ്തത കാണിച്ചതിന്റെ വർണ്ണനയും അതിന്റെ പ്രത്യാഘാതങ്ങളും മുന്നറിയിപ്പിന്റെ ലളിതഭാഷയിൽ പ്രവാചകൻ പ്രസ്താവിക്കുന്നു.
പ്രിയരേ, ആരംഭവും പിന്നിട്ട വഴികളും ദൈവത്തോടുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങളായി ഉപയുക്തമാക്കുന്നതാണ് അഭികാമ്യം. അല്ലാതുള്ള ഏതൊരനുക്രമവും വിളിച്ചു വരുത്തുന്ന അപകടങ്ങൾ വിദൂരവ്യാപകമായിരിക്കുമെന്നു മറന്നുപോകരുത്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.