പ്രതിദിന ചിന്ത | പ്രവാചകന്റെ നടു ഒടിയുംവണ്ണമുള്ള നെടുവീർപ്പിടൽ!

0

യെഹെ. 21:6 “നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.”

മിനുക്കി മൂർച്ച കൂട്ടിയ ന്യായവിധിയുടെ വാൾ (21:1-17), ബാബേൽ രാജാവിന്റെ വാൾ വരുവാനുള്ള രണ്ടു വഴികളുടെ നിയമിക്കൽ (21:18-27), അമ്മോന്യരുടെ നാശം (21:28-32), യെരുശലേമിനെതിരായ പ്രവചനം (20:45-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വിശുദ്ധമന്ദിരമായ യെരുശലേം ദൈവാലയത്തിനും അതിലെ ശുശ്രൂഷകൾക്കും വിരോധമായി പ്രവചിക്കുവാൻ യെഹെസ്കേലിനെ ദൈവം നിയോഗിക്കുന്നു. ഉറയിൽ നിന്നും ഊരിയ യഹോവയുടെ വാൾ, തെക്കുമുതൽ വടക്കു വരെയുള്ള നീതിമാനെയും ദുഷ്ടനെയും (21:4) ഒരേപോലെ സംഹാരം നടത്തി മുന്നേറുന്നതിന്റെ സൂചന പ്രവചനത്തിലെ കാതൽ പ്രമേയമാണ്. ന്യായവിധിയുടെ സമ്പൂർണ്ണത കാണാതെ തിരികെ വരാത്ത വാളിന്റെ ദ്രുതചലനം ഒട്ടൊഴിയാതെ നടത്തുന്ന വ്യാപക നാശങ്ങൾ അതിഭയങ്കരമായ പരിണിതികൾ ഉളവാക്കുന്നു. ഈ അവസരത്തിലാണ് നടു ഒടിയും വണ്ണം നെടുവീർപ്പിടുവാൻ പ്രവാചകന് നിർദ്ദേശം ലഭിക്കപ്പെടുന്നത്. “നടു ഒടിയുംവണ്ണം” എന്നതിന് “ഹൃദയം പൊട്ടുമാറ്” എന്നാണു ശരിയായ ഭാഷാപ്രയോഗമെന്നു സാന്ദർഭികമായി കുറിയ്ക്കട്ടെ. നടു അഥവാ അര മനുഷ്യ ശരീരത്തിന്റെ ബലത്തെ കാണിക്കുന്നു (സങ്കീ. 66:11; 69:23; യെശ. 21:3; നഹൂം 2:10). വാളിന്റെ നശീകരണം പ്രവാചക ദൃഷ്ടിയിൽ പതിഞ്ഞപ്പോൾ ബലം ക്ഷയിക്കുവോളവും നെടുവീർപ്പിടുവാൻ പ്രവാചകൻ ദൈവത്താൽ നിയോഗിക്കപ്പെടുന്നു. അതാകട്ടെ, ജനം കാൺകെ ചെയ്യുകയും വേണമായിരുന്നു. അതായതു, ജനം അഭിമുഖമാകുവാൻ പോകുന്ന വലിയ വിപത്തിന്റെ ആഘാതം താങ്ങുവാൻ കഴിയുന്നതിനും അപ്പുറമായിരുന്നു എന്നു സാരം. ഈ നെടുവീർപ്പിന്റെ അർത്ഥം ആരായുന്ന ജനത്തോടു, പ്രതിവചിക്കുവാൻ കൃത്യമായ ഉത്തരവും പ്രവാചകനുണ്ടായിരുന്നു. വാളിന്റെ നാശം വിതയ്ക്കലിന്റെ വർത്തമാനം നിമിത്തം യിസ്രായേൽ ജനത്തിന്റെ ഇടയിൽ ഉളവാകുന്ന അസഹനീയമായ സ്ഥിതിവിശേഷങ്ങളുടെ നേർക്കാഴ്ച പ്രവാചകൻ വിവരിക്കുന്നു. ഉരുകിപ്പോകുന്ന ഹൃദയങ്ങൾ, കുഴഞ്ഞുപോകുന്ന കൈകൾ, കലങ്ങിപ്പോകുന്ന മനസ്സുകൾ, വെള്ളംപോലെ ഒഴുകിപ്പോകുന്ന മുഴങ്കാലുകൾ (21:7) ഇങ്ങനെ ആകമാനം കലുഷിതമാകുവാൻ പോകുന്ന യിസ്രായേലിന്റെ സ്ഥിതിഗതികൾ നടു ഒടിയും വണ്ണം കരയുവാൻ പ്രവാചകനെ നിർബന്ധിതനാകുന്നു.

പ്രിയരേ, ദേശത്തിന്റെ കുഴഞ്ഞുമറിയുന്ന സ്ഥിതിഗതികൾ ദൈവാത്മാവുള്ളവരുടെ നടു ഒടിയും വണ്ണമുള്ള നെടുവീർപ്പിനു കാരണമായി തീരും. ദൈവാത്മാവിനാൽ പ്രചോദിതരാകുന്ന ഭക്തന്മാർ ജനത്തിനു വേണ്ടി കരയുന്നിടത്താണ് ന്യായവിധിയുടെ വാൾ മടങ്ങുന്നത് എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like