പാസ് വേഡുകൾ മാറ്റുക; ഒപ്റ്റസ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

0
വ്യാഴാഴ്ച ഉച്ചയോടെ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് സൈബർ ആക്രമണം ഉണ്ടായതായി ഒപ്റ്റസ് അറിയിച്ചത്. ഒപ്റ്റസ് സൈബർ ആക്രമണത്തിന് വിധേയമായെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായും കമ്പനി സിഇഒ കെല്ലി ബയർ റോസ്മറിൻ പ്രസ്താവനയിൽ പറഞ്ഞു.

ഉപഭോക്താക്കളുടെ പേരുകൾ, ജനനത്തീയതി, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്. ചില ഉപഭോക്താക്കളുടെ ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് നമ്പർ, മറ്റ് തിരിച്ചറിയൽ രേഖകളുടെ നമ്പറുകൾ തുടങ്ങിയവയും ചോർന്നതായും കമ്പനി വ്യക്തമാക്കി. പേയ്‌മെന്റ് വിവരങ്ങളും അക്കൗണ്ട് പാസ്‌വേഡുകളും ചോർന്നിട്ടില്ലെന്നും ഒപ്റ്റസ് അറിയിച്ചു.

സൈബർ ആക്രമണം തിരിച്ചറിഞ്ഞയുടൻ തന്നെ ഒപ്റ്റസ് ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു. സൈബർ ആക്രമണത്തെ പറ്റി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്, മറ്റ് പ്രധാനപ്പെട്ട സർക്കാർ ഏജൻസികൾ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകാനിടയുള്ള അപകടസാധ്യത ലഘൂകരിക്കുന്നതിനായി ഓസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെൻററുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഒപ്റ്റസ് വ്യക്തമാക്കി.
സൈബർ ആക്രമണം മൂലം നിലവിൽ ഇതുവരെ ഉപഭോക്താക്കൾക്ക് എന്തെങ്കിലും നഷ്ടമുണ്ടായതായി അറിയില്ലെന്ന് വ്യക്തമാക്കിയ ഒപ്റ്റസ് സൈബർ ആക്രമണ വിവരം ഉപഭോക്താക്കളെ അറിയിച്ചതായും കൂട്ടിച്ചേർത്തു. അസാധാരണമോ സംശയാസ്പദമായി തോന്നുന്നതോ ആയ പ്രവർത്തനങ്ങളെയും അറിയിപ്പുകളെയും ജാഗ്രതയോടെ കാണണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
ഒപ്റ്റസിന് നേരെയുണ്ടായ ആക്രമണത്തെ പറ്റി ഓസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെൻറർ അറിഞ്ഞിട്ടുണ്ടെന്നും ആവശ്യമായ ഉപദേശവും സാങ്കേതിക സഹായവും നൽകുന്നുണ്ടെന്നും സൈബർ സുരക്ഷാ മന്ത്രി ക്ലെയർ ഒ നീൽ വ്യക്തമാക്കി.
You might also like