പ്രതിദിന ചിന്ത | പ്രാഗത്ഭ്യം ചോർന്നു പോകാതെ ദൈവസമക്ഷം

0

യെഹെ. 22:14 “ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.”

യെരുശലേമിന്റെ പാപങ്ങളുടെ പട്ടിക (22:1-16), ഉറപ്പായ ന്യായവിധി (22:17-22), ദൈവിക നിയമങ്ങൾ കാറ്റിൽ പറത്തിക്കളഞ്ഞ പ്രവാചകന്മാർ, പുരോഹിതന്മാർ, പ്രഭുക്കന്മാർ, സാധാരണക്കാരായ ജനങ്ങൾ (22:23-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

തിരുവെഴുത്തുകളിലെ തന്നെ അതിശക്തമായ ചോദ്യ പ്രതിസംജ്ഞയാണ് കുറിവാക്യം. യഹൂദയുടെ പാപങ്ങളുടെ പട്ടിക നിരത്തിയനന്തരം ഉറപ്പായ ന്യായവിധി പ്രഖ്യാപിക്കപ്പെടുന്നു. കൊള്ളലാഭവും രക്തപാതകവും മ്ലേച്ഛമായ പാപങ്ങളും ശീലിച്ചുപോയ ജനമായിരുന്നു യിസ്രായേൽ. അവരുടെ പാപങ്ങളോട് വ്യവഹരിക്കുന്ന യഹോവയായ ദൈവം ഉയർത്തുന്ന ശക്തമായ ചോദ്യമായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം! ന്യായവിസ്താര സഭയിൽ ന്യായാധിപനായ ദൈവം കാര്യം തീർപ്പാക്കുവാൻ ഉപവിഷ്ടനായിരിക്കുന്നു! തന്റെ മുമ്പാകെ യിസ്രായേൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു. കുറ്റപത്രം (22:1-13) വായിച്ചു കേൾപ്പിച്ചു. യിസ്രായേൽ മാപ്പർഹിക്കാത്ത തെറ്റുകാരാണെന്നും തക്ക ശിക്ഷ ഉറപ്പാണെന്നും പശ്ചാത്തലങ്ങൾ വ്യക്തമാക്കുന്നു. കാര്യം തീർക്കുന്ന ദൈവത്തിന്റെ നാളിൽ ധൈര്യമായി നിൽക്കുവാൻ അവർക്കാകില്ലെന്നും മാത്രമല്ല അവരുടെ കൈകൾ ബലപ്പെട്ടിരിക്കുകയില്ലെന്നുമുള്ള ധ്വനിയല്ലേ ചോദ്യങ്ങളുടെ ഉള്ളടക്കം! സകലഹൃദയവും ഉരുകിപ്പോകുകയും, എല്ലാകൈകളും കുഴഞ്ഞു പോകുകയും, ഏതു മനസ്സും കലങ്ങിപ്പോകുകയും, എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകുകയും ചെയ്യുന്ന (21:7) സ്ഥിതിവിശേഷത്തിന്റെ സൂചന മുൻ അദ്ധ്യായത്തിൽ വായിച്ചതു ചേർത്തു ധ്യാനിച്ചാലും! മലിനതകളുടെ കറകളും മ്ലേച്ഛതകളുടെ കളങ്കങ്ങളും നിമിത്തം കൈകളുടെ ബലവും ജീവിതത്തിന്റെ പ്രാഗത്ഭ്യവും ചോർന്നു പോയ യിസ്രായേൽ, ശിക്ഷാർഹരായി ദൈവസമക്ഷം നമ്രശിരസ്കരായി നിൽക്കുന്നു!

പ്രിയരേ, ദൈവമുമ്പാകെ ഒരു നാൾ നാം നിൽക്കേണ്ടവരാണ്. കൈകളുടെ ബലവും ജീവിതത്തിന്റെ ധൈര്യവും ചോർന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ! ജീവിതത്തിന്റെ പ്രാഗത്ഭ്യം കുറ്റമറ്റ മനഃസ്സാക്ഷി ഉറപ്പാക്കുകയും ദൈവസമക്ഷം തലയുയർത്തി നിൽക്കുവാൻ നമ്മെ പ്രാപ്തരാകുകയും ചെയ്യും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like