പ്രതിദിന ചിന്ത | കാവൽക്കാരന്റെ നിയോഗങ്ങൾ

0

യെഹെ. 33:7 “അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.”

കാവൽക്കാരൻ എന്ന നിലയിൽ യെഹെസ്‌കേലിന്റെ നിയോഗം (33:1-9), അനുതാപിയോടുള്ള ദൈവകരുണയും മറുതലിപ്പുകാർക്കുള്ള ന്യായവിധിയും (33:10-20) യഹൂദ്യയുടെ നാശം (33:21-29), പ്രവാചകന്മാരെ പരിഹസിക്കുന്നവരുടെ മേലുള്ള ന്യായവിധികൾ (33 :30-33) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യുദ്ധഭീഷണി നിലനിൽക്കുന്ന ഒരു പശ്ചാത്തലത്തിൽ ദേശം മുഴുവനും ഭീതിയിൽ നിമഗ്നരായിരിക്കുമ്പോൾ കൊത്തളങ്ങളിലും ഉയർന്ന സ്ഥാനങ്ങളിലും കാവൽക്കാരെ നിയോഗിക്കുന്നത് സാധാരണ യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്. ഈ കാവൽക്കാർ യുദ്ധം ചെയ്യുന്നവർ എന്നതിലുപരി സമയാസമയങ്ങളിലെ ശത്രുവിന്റെ നീക്കങ്ങൾ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നത്. ഈ വിഭാഗത്തിന്റെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി യഥാവിധി തന്ത്രങ്ങൾ ആവിഷ്കരിച്ചു ദേശത്തിന്റെ സുരക്ഷ കൃത്യമായി നിർവ്വഹിക്കപ്പെടുന്നു. ഇത്തരമൊരു സംവിധാനം യിസ്രായേലിന്റെ ആത്മീക യുദ്ധരംഗത്തു യഹോവയായ ദൈവം ചെയ്തതിന്റെ നേർക്കാഴ്ചയായി ഈ അദ്ധ്യായത്തിന്റെ വായനയെ കാണുന്നതാണെനിക്കിഷ്ടം! ദേശത്തിനെതിരായി പാഞ്ഞു വരുന്ന വാളിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ യെഹെസ്കേൽ എന്ന കാവൽക്കാരൻ നീട്ടിയൂതുന്ന കാഹളത്തിന്റെ ധ്വനിയായി ഈ പ്രവാചക പുസ്തകത്തെ കരുതുന്നതിൽ തെറ്റുണ്ടോ! “ദുഷ്ടാ, നീ മരിക്കും” (33:8), “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതു..” “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു” (33:11) മുതലായ നാദഭേദഗംഭീരമായ കാഹളധ്വനി മുഴക്കുന്ന പ്രവാചകൻ തന്റെ ഉത്തരവാദിത്വം നന്നായി നിർവ്വഹിക്കുന്നു. എന്നാൽ തങ്ങളുടെ ദുഷ്ടതയുടെ ചേറ്റുകുഴിയിൽ അഭിരമിക്കുന്ന യിസ്രായേലാകട്ടെ, മുന്നറിയിപ്പുകളെ വകവയ്ക്കാതെ തങ്ങളുടെ പാപങ്ങളിൽ മരിക്കുവാൻ സ്വയം സമർപ്പിക്കുന്നു എന്ന ദുഃഖം പ്രവാചകനുണ്ട്! വാൾ, കാട്ടുമൃഗങ്ങൾ, മഹാമാരി (33:27) എന്നിവയാൽ നക്കിത്തുടയ്ക്കപ്പെടുവാൻ പോകുന്ന ജനം മടങ്ങിവരവിന് തയ്യാറാകാത്തതിൽ ദൈവഹൃദയവും വ്രണിതമാണെന്നാണ് വരികൾക്കിടയിലെ സൂചന.

പ്രിയരേ, ദുഷ്ടന്റെ മരണത്തിൽ ലേശവും അവിടൂന്നു താത്‌പര്യം വയ്ക്കുന്നില്ല തന്നെ! മറിച്ച്‌ അവന്റെ മാനസാന്തരം, അതെത്ര കഠിനസാന്ദ്രമായ പാപമായാൽ പോലും അവിടൂന്നു പ്രിയം വയ്ക്കുന്നുണ്ടെന്നും നിസ്സംശയം പ്രഖ്യാപിക്കപ്പെടുന്നു. കാവൽക്കാരായ പ്രവാചകന്മാരുടെ (പ്രാസംഗികരുടെ) കാഹളമൂതൽ അപകടത്തിൽ നിന്നുള്ള തിരിച്ചുവിളിയായി കരുതുന്നതാണ് ഏറ്റവുമടുത്ത ശരിയെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like