‘ക്രൈസ്തവ വിശ്വാസമാണ്‌ എനിക്ക്‌ വലുത്‌’: ഓസ്ട്രേലിയൻ എസ്സെന്‍ഡന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ സിഇഒ രാജിവച്ചു

0

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായുള്ള എസ്സെന്‍ഡന്‍ ബോംബേഴ്സ് എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായതിന്റെ തൊട്ടടുത്ത ദിവസം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ആന്‍ഡ്ര്യൂ തോര്‍ബേണ്‍ പദവി രാജിവെച്ചു. മെല്‍ബൺ സിറ്റി ഓണ്‍ എ ഹില്‍ ക്രിസ്ത്യൻ സഭയുടെ ചെയര്‍മാനാണ് അന്‍പത്തിയേഴു വയസ്സുള്ള തോര്‍ബേണ്‍. ക്ലബ്ബിന്റെ സി.ഇ.ഒ ആകണോ അതോ സഭയുടെ ചെയര്‍മാന്‍ സ്ഥാനം വേണോയെന്ന് തീരുമാനിക്കുവാന്‍ എസ്സെന്‍ഡന്‍ പ്രസിഡന്റ് ഡേവിഡ് ബര്‍ഹാം തോര്‍ബേണിനോട് ആവശ്യപ്പെട്ടിരുന്നു. ക്ലബ്ബിനെക്കാൾ പ്രാധാന്യം സഭക്ക്‌ നൽകിയ ആൻഡ്ര്യൂ രാജി സമർപ്പിക്കുകയായിരുന്നു. ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്ന നിലപാട് സഭ സ്ഥിരീകരിച്ചതാണ് രാജിയിലേക്ക് വഴിതുറന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തന്റെ വ്യക്തിപരമായ ക്രിസ്തീയ വിശ്വാസം പൊതുമണ്ഡലങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹിക്കുകയില്ലെന്നും അവരിൽ അസ്സഹിഷ്ണുത ഉളവാക്കുന്നത്‌ തനിക്ക് വ്യക്തമായി അറിയാമെന്നും രാജിവെച്ച ശേഷം തോര്‍ബേണ്‍ പ്രതികരിച്ചു. ”ഞാൻ ആരാണെന്നതിൽ എന്റെ വിശ്വാസമാണ് പ്രധാനം. 20 വർഷം മുമ്പ് യേശുവിലുള്ള വിശ്വാസത്തിലേക്ക് വന്നതിനുശേഷം, എന്റെ ജീവിതത്തിൽ അഗാധമായ മാറ്റം ഞാൻ കണ്ടു, ദൈവം എന്നെ ഒരു മികച്ച ഭർത്താവും പിതാവും സുഹൃത്തും ആക്കിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല നേതാവാകാനും അത് എന്നെ സഹായിച്ചിട്ടുണ്ട്”. തോര്‍ബേണ്‍ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.

എസ്സെന്‍ഡന്റെ നടപടി വിവേചനപരവും, വൈവിധ്യത്തെ മാനിക്കാത്തതുമാണെന്നും, വിശ്വാസികളെ ഉള്‍കൊള്ളുവാനോ പിന്തുണക്കുന്നവരോട് നീതിപുലര്‍ത്തുവാനോ കഴിയില്ലെങ്കില്‍ പുതിയൊരു ക്ലബ്ബ് കണ്ടെത്തേണ്ട സമയമായെന്നും, വളരെക്കാലമായി ക്ലബ്ബിനെ പിന്തുണച്ചുകൊണ്ടിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ക്ലബ്ബ് നേതൃത്വത്തിന് സ്വീകാര്യമാകുമോ എന്ന സംശയത്തിലാണെന്നും ഒരു സഭാ പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹിഷ്ണുതയുടെയും, പാര്‍ശ്വവല്‍ക്കരണത്തിന്റെയും ഉദാഹരണമാണ് എസ്സെന്‍ഡന്റെ നടപടിയെന്നു മറ്റൊരാൾ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക സെന്‍സസ് അനുസരിച്ച് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 43.9% ക്രൈസ്തവരാണ്‌ ഉള്ളത്‌.

You might also like