പ്രതിദിന ചിന്ത | ഇടയന്മാർക്കെതിരെയുള്ള കുറ്റപത്രം

0

യെഹെ. 34:22 “ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.

യിസ്രായേലിന്റെ ഇടയന്മാർക്കെതിരെയുള്ള കുറ്റപത്രം (34:1-6), യിസ്രായേൽ എന്ന ആട്ടിൻക്കൂട്ടം സംരക്ഷിയ്ക്കപ്പെടുന്നു (34:7-16), ദാവീദ് അഥവാ മശിഹായുടെ ഇടയസ്ഥാനത്തേക്കുള്ള നിയോഗം (34:17-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേൽ ജനത്തെ ഒരു ആട്ടിൻപറ്റമായി ചിത്രീകരിച്ചു അവരുടെ ഇടയന്മാർക്കെതിരെയുള്ള കുറ്റപത്രമാണ് ഈ അദ്ധ്യായത്തിന്റെ ആമുഖ വായന. ആട്ടിൻകൂട്ടത്തെ മേയിക്കുവാൻ നിയോഗിതരായവരാണ് വാസ്തവത്തിൽ ഇടയന്മാർ. പക്ഷേ അവരാകട്ടെ, “തങ്ങളെ തന്നെ മേയിക്കുന്നവരായി” (34:2c) തീർന്നു. ഇടയന്മാരുടെ കുറ്റങ്ങളുടെ ആകെത്തുക ഇതാണെന്നു സംക്ഷേപിക്കുന്നതാണെനിക്കിഷ്ടം! ആടുകളുടെ പാലുകൊണ്ടു ഉപജീവിക്കുന്നത് ഇടയന്റെ ന്യായമായ അവകാശമാണ്. എന്നാൽ യിസ്രായേലിന്റെ ഇടയന്മാരാകട്ടെ, ആടുകളുടെ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും (34:3) ചെയ്യുന്നു. മാത്രമല്ല, ആടുകളിൽ ബലഹീനമായതിനെ ശക്തീകരിക്കുകയോ ദീനം വന്നതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവ് കെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ, കാണാതെ പോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കരുണയോ ദയയോ ലേശവും കാണിക്കാതെ ക്രൂരതയോടെ അവയോടു വ്യവഹരിക്കുന്നത് (34:4) നന്നായി വിമർശിക്കപ്പെടുന്നു. ചുരുക്കത്തിൽ ആടുകളുടെ ആരോഗ്യപരമായ നടത്തിപ്പിന് തെല്ലും പ്രാധാന്യം കൽപ്പിക്കാത്ത ഇടയന്മാർ യിസ്രായേലിന്റെ നാശത്തിനു ഉത്തരവാദികളായി പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ അധീനതയിലുള്ള ആടുകളുടെ എണ്ണത്തിലെ വർദ്ധനവും ക്ഷേമത്തിന്റെ അന്വേഷണവും ഇടയന്മാരുടെ ഏകലക്ഷ്യമായിരിക്കേണ്ടതായിരുന്നു. എങ്കിലും അത്തരത്തിലുള്ള ഇടപെടലുകളൊന്നും തന്നെ പരിഗണയിലെടുക്കാത്ത ഇടയന്മാർക്കെതിരെ “അയ്യോ കഷ്ടം” (34:2) എന്ന വ്യാക്ഷേപകം ഉയർത്തുവാനും പ്രവാചകൻ മടിക്കുന്നില്ല. ഇടയന്മാർ അഥവാ നടത്തിപ്പുകാർ തങ്ങളെത്തന്നെ പോഷിപ്പിക്കുന്ന കേവല ഭോക്താക്കളായി മാറുന്ന സ്ഥിതിവിശേഷം വിനാശകരമായ പരിണിതകൾക്കു വഴിമരുന്നിടുകയും ചെയ്യുന്നു.

പ്രിയരേ, “നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക” (സദൃ. 27:23) എന്ന ജ്ഞാനിയുടെ വാക്കുകൾ പ്രമേയാനുബന്ധമായി ചേർത്തു ധ്യാനിച്ചാലും! ഇടയന്മാർ അജപരിപാലനത്തിനറെ സകല ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവ്വഹിക്കുമ്പോൾ ആട്ടിൻകൂട്ടം മേച്ചൽപ്പുറങ്ങളിൽ പെരുകുകയും ഉടമസ്ഥൻ (യഹോവയായ ദൈവം) സംപ്രീതനാകുകയും ചെയ്യും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like