തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട്, ആർക്കും മത്സരിക്കാം എന്ന് അധ്യക്ഷയും ഇലക്ഷൻെറ ചുമതലയുള്ള മിസ്ത്രിയും പറഞ്ഞിട്ട്, എന്തിനാണ് നേതാക്കളേ ഈ പ്രഹസനം?
” ഞങ്ങൾ മത്സരിക്കുന്നില്ല, ഞങ്ങൾക്ക് സ്ഥാനാർഥിയും ഇല്ല. തരൂർജിക്ക് മത്സരിക്കാം. “
എന്നാണ് അധ്യക്ഷ ഡോ. തരൂരിനോട് പറഞ്ഞത്. എന്നിട്ട് ഗെഹ്ലോട്ട് പത്രിക വാങ്ങുന്നു. മുകുൾ വാസ്നിക്കിന് വേണ്ടി ഒരാൾ പത്രിക വാങ്ങുന്നു. കുശാഗ്രബുദ്ധിക്കാരനായ അശോക് ഗെഹ്ലോട്ട് സച്ചിനെ മുഖ്യമന്ത്രി ആക്കാൻ പറ്റില്ല എന്ന് വാശിപിടിച്ചു. പിന്നെ ദിഗ് വിജയ് സിംഗ് പത്രിക വാങ്ങി. അങ്ങനെ പല വിശ്വസ്തരെയും ഒരുക്കി നിർത്തി. ഈ ഇലക്ഷൻ പ്രക്രിയയുടെ അന്തർ വൈരുദ്ധ്യം പ്രസിഡൻ്റ് സ്ഥാനാർഥി നെഹ്റു കുടുംബത്തിൻ്റെ വേണ്ടപ്പെട്ടവർ ആയിരിക്കണം എന്ന അലിഖിത നിയമം ആണ്. എന്തൊരു വിചിത്രമാണിത്.
പിന്നെ ഒരു സുപ്രഭാതത്തിൽ എ കെ ആൻ്റണി ഡൽഹിയിൽ എത്തുന്നു. മല്ലികാർജുൻ ഖാർഗെ തിരശീലയ്ക്ക് പിന്നിൽ നിന്നും പുറത്തേക്ക് വരുന്നു.
ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നൂ. ആൻ്റണി ഉൾപ്പെടെ സീനിയർ നേതാക്കന്മാർ എല്ലാവരും ഒപ്പിടുന്നൂ. പിസിസികളെ കൊണ്ട് പ്രമേയം പാസാക്കിക്കുന്നൂ. ഡോ തരൂർ പര്യടനത്തിന് ചെല്ലുമ്പോൾ പിസിസി നേതാക്കന്മാർ ഓഫീസ് പൂട്ടി മുങ്ങുന്നു. സംസ്ഥാനങ്ങൾ തരൂരിന് എതിരായി ക്യാമ്പയിൻ നടത്തുന്നു. ദേശിയ വക്താവ് തന്നെ ഒരു സ്ഥാനാർത്ഥിക്ക് എതിരെ പത്രസമ്മേളനം നടത്തുന്നു. പിസിസി നേതാക്കൾ വോട്ടർന്മാരെ വിളിച്ചു വിരട്ടുന്നു. ഡോ തരൂരിൻ്റെ കൂടെ നിന്നാൽ സീറ്റ് കിട്ടില്ല, ഭാവി പോകും എന്നൊക്കെ.
സ്ഥാനാർത്ഥിക്ക് വോട്ടർ പട്ടിക കൊടുക്കാൻ വൈകുന്നു. പട്ടികക്ക് വേണ്ടി തരൂർ കത്തെഴുതുന്നു. സംസ്ഥാനത്ത് ഉളളവർ എല്ലാം വോട്ട് ചെയ്യാൻ അവരുടെ തലസ്ഥാനത്ത് വരണം. യുപി, രാജസ്ഥാൻ, എംപി, പോലെയുള്ള സ്റ്റേറ്റിൽ എങ്ങനെ യാത്ര ചെയ്തു എത്തും. വോട്ടർ പട്ടികയിൽ പേരു അഡ്രസും പലതും വ്യക്തമല്ല.
സത്യത്തിൽ ഈ ഇലക്ഷനെ ഒരു അസംബന്ധ നാടകമാക്കി മാറ്റിയിരിക്കുകയാണ്. ഈ ഗെയിം ആണ് ആഗ്രഹിച്ചിരുന്നെങ്കിൽ സമവായത്തിലൂടെ ഖാർഗെജിയെ പ്രസിഡൻ്റ് ആക്കമായിരുന്നുവല്ലോ. എന്തിനാണ് ഈ ഇലക്ഷൻ പ്രഹസനം.
പ്രസിഡൻ്റ് ആരായാലും ലീഡർ രാഹുൽ ആയിരിക്കുമെന്ന് പി ചിദംബരം( ഇദ്ദേഹമാണ് കോൺഗ്രസിനെ കുട്ടിച്ചോറാക്കിയത് പിന്നെ ആൻ്റണിയും ).
ചെറുപ്പക്കാരുടെ പാർട്ടി ആകണമെന്നും പാർട്ടി അഴിച്ചു പണിയണമെന്നും പദയാത്ര നടത്തി പറയുന്ന രാഹുൽ പൊതുജനങ്ങളുടെ മുന്നിൽ പരിഹാസ്യനാകുകയല്ലെ.
ഹൈക്കമാൻഡിന് സ്ഥാനാർഥി ഇല്ലായെന്ന് ഇനി ആർക്കെങ്കിലും പറയാൻ പറ്റുമോ. സത്യത്തിൽ ലീഡർഷിപ്പ് ഈ ഇലക്ഷനെ അട്ടിമറിച്ചിരിക്കുകയാണ്. പാർട്ടി സ്ഥാനങ്ങളിലും പാർലമെൻ്ററി പദവികളിലും ഇരുന്നുകൊണ്ട് എല്ലാവരും ഇലക്ഷൻ പൊളിറ്റിക്സ് കളിക്കുകയാണ്. ഡോ. തരൂരിനെ എതിർക്കാൻ ഇപ്പൊൾ എല്ലാവരും ഒറ്റക്കെട്ട്.
ആർ ശങ്കറിനെ കടൽ കിഴവൻ എന്ന് വിളിച്ചവരും ഗോഹട്ടി സമ്മേളനത്തിൽ യുവാക്കൾക്ക് വേണ്ടി വാദിച്ചവരും കരുണാകരൻ്റെ ഫാമിലി ഡൈനാസ്റ്റിക്കെതിരെ പോരാടിയ തിരുത്തൽ വാദികളും ഇപ്പൊൾ ഒറ്റക്കെട്ടാണ്. കെ സി ജോസഫിൻ്റെയും തേറമ്പിൽ രാമകൃഷ്ണൻെറയും കെ വി തോമസിൻ്റെയും പ്രായം പറഞ്ഞവർ 80 വയസായ ഖാർഗെയെ പിന്തുണക്കുന്നു. ഇതെന്തൊരു വിരോധാഭാസം.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനും ഇടം എവിടെ?
ഖാർഗെജി ക്ക് ചുമതല ഉണ്ടായിരുന്ന പഞ്ചാബും രമേശ്ജിക്ക് ചുമതല പണ്ടുണ്ടായിരുന്ന ഗോവയും നോർത്ത് ഈസ്റ്റും ഉപ്പ് വച്ച കലം പോലെ ആയി.
2009 ൽ തരൂർജി TVM മത്സരിക്കാൻ വന്നപ്പോൾ മൂന്നാം സ്ഥാനത്ത് പോകുമെന്നും പറഞ്ഞു ഹൈക്കമാൻഡിന് കത്തയച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഗോബാക്ക് വിളിപ്പിച്ചു. മൂന്ന് പ്രാവശ്യവും അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു. ക്യാബിനറ്റ് മന്ത്രി സ്ഥാനം കൊടുത്തില്ല. ലോകസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം അട്ടിമറിച്ചു. ഡോ. തരൂർ പെരുന്ന നായർ അല്ലന്ന് പ്രസ്താവന ഇറക്കി അപമാനിച്ചു. ഞാൻ ആഗോള നായരാണ് എന്ന് തിരിച്ചടിച്ച് തരൂർ വായടച്ചു. ഇപ്പൊൾ വീണ്ടും ഡോ. തരൂരിന് എതിരേ ഗൂഢാലോചന, സംഘടിത നീക്കം.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദി എന്ന് പറഞ്ഞ ഒരു നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ല. മോദി, അമിത് ഷാ, യോഗി ത്രയങ്ങളോട് പാർലിമെൻ്റിലും പുറത്തും സംവദിക്കാൻ കഴിയുന്ന ഏകയാൾ. അത് ഡോ.തരൂർജി മാത്രമാണ്. സുനന്ദ പുഷ്കർ കേസ് അതിൻ്റെ ക്ലൈമാക്സിൽ എത്തിയപ്പോഴും കോമ്പ്രമൈസിന് തയ്യാറാകാത്ത ധീരൻ.
അല്ലാതെ ആർഎസ്എസ് വോട്ടിൻ്റെ ആനുകൂല്യത്തിൽ രാഷ്ട്രീയ ജീവിതം നയിക്കുന്നവരെ പോലെയല്ല. സംഘപരിവാറിനെ പ്രതിരോധിക്കാൻ വേണ്ടി ഗോത്ര വനിതയ്ക്ക് എതിരെ പഴയ ആർഎസ്എസ് കാരനെ സ്ഥാനാർഥിയാക്കിയ ഡൽഹിയിലെ ചാണകബുദ്ധിയല്ല ഡോ. തരൂരിൻ്റെത്.
ആറാം വയസ്സിൽ നോവൽ എഴുതിയ, 22 മാത്തെ വയസ്സിൽ PhD എടുത്ത, നയതന്ത്രം പ്രാക്ടീസ് ചെയ്യുന്ന മാന്യനായ രാഷ്ട്രീയക്കാരൻ. കോഫി അന്നൻ്റെ അണ്ടർ സെക്രട്ടറി.
കഴിഞ്ഞ ദിവസം അയ്യാൾ വിമാനത്തിൽ കയറി വന്നപ്പോൾ , വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റൻ അനൗൺസ് ചെയ്യുന്നു, ” വിമാനത്തിൽ യാത്ര ചെയ്യുന്ന ഡോ. ശശി തരൂരിന് പ്രത്യേക സ്വാഗതം” യാത്രക്കാർ ഒന്നടങ്കം കയ്യടിക്കുന്നു. ഈ ഗ്രൂപ്പ് മാനേജർന്മാർക്കും അവരുടെ ഫാൻസ് അസോസിയേഷനും കിട്ടുമോ ഈ സ്വീകരണം. നിങ്ങളുടെ അടുത്ത് എത്തുമോ ഈ സൈബർ കാലത്തും ഓട്ടോഗ്രാഫ് ചോദിച്ചു യുവാക്കൾ.
എന്നിട്ടും നിങ്ങൾ അയാളുടെ അയോഗ്യത വിവരിച്ചുകൊണ്ടിരിക്കുന്നു.
നാട്ടുകാർ ഇതെല്ലാം കാണുന്നുണ്ട്. സോഷ്യൽ ഓഡിറ്റിഗിന് എല്ലവരും വിധേയരാകുന്നുണ്ട്. കേട്ടോ. പുതിയ വാർത്ത, ഡോ തരൂർ നോമിനേഷൻ പിൻവലിച്ചു എന്ന വ്യാജ വാർത്ത ഡൽഹി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു തുടങ്ങി. ഡോ. തരൂർ അതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പിന്നെ ഒരു കാര്യം കൂടി ഖാർഗെജിയുടെ ദലിത് കാർഡ് ഇറക്കുന്നവർ കൊടിക്കുന്നിൽ സുരേഷിൻ്റെ കെപിസിസി പ്രസിഡൻ്റ് സ്ഥാനം വെട്ടിയത് എന്തിനാണ് ?
നിർത്തൂ.. ഈ പ്രഹസനം