പ്രതിദിന ചിന്ത | യഹൂദയുടെ വീഴ്ചയും ഏദോമിന്റെ സന്തോഷവും
യെഹെ. 35:15 “യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും…”
ഏദോമിന്നെതിരെയുള്ള കുറ്റപത്രം (35:1-5), ഏദോമിനെതിരെയുള്ള ന്യായവിധിയുടെ പ്രഖ്യാപനം (35:6-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ചാവുകടലിനു തെക്കു പടിഞ്ഞാറു എദോമ്യർ പാർത്തിരുന്ന പർവ്വതപ്രദേശമാണ് സേയീർ (35:2). യിസ്രായേലിനെതിരായി വൈരനിര്യാതനബുദ്ധിയോടെ ഇടപെടൽ നടത്തിയിരുന്നു എദോമ്യർ. യിസ്രായേലിന്റെ അഥവാ യാക്കോബിന്റെ സഹോദരനായിരുന്ന ഏശാവിന്റെ അഥവാ ഏദോമിന്റെ വംശപരമ്പരയാണല്ലോ എദോമ്യർ. യിസ്രായേലിന്റെ യുദ്ധസമയത്തു അവരുടെ സഹോദരനായ എദോമ്യർ അവരെ സഹായിച്ചില്ല എന്നുമാത്രമല്ല, അവരെ ദ്രോഹിക്കുന്നതിനും അവർ കൂട്ടുനിന്നു. അതായതു, ബി സി 586 ലെ ബാബേൽ പ്രവാസകാലത്തു യഹൂദയുടെ അഭയാർത്ഥികളെ അവർ കൊല്ലുകയും (35:5) യിസ്രായേലിന്റെ അവകാശഭൂമിയിൽ കുറേഭാഗം കൈവശമാക്കുവാൻ (35:10) അവർ ശ്രമിക്കുകയും ചെയ്തു. ഓബദ്യാവിന്റെ പുസ്തകം ഈ വിഷയത്തിൽ ഏറെ വിശദമായ വിവരങ്ങൾ നൽകുന്നുണ്ടെന്ന വസ്തുത സാന്ദർഭികമായി സൂചിപ്പിക്കട്ടെ! “യഹോവ അവിടെ ഉണ്ടായിരിക്കെ, ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും” (35:10) എന്ന ഏദോമ്യരുടെ അവകാശവാദം യിസ്രായേലിന്റെ അവകാശങ്ങളിന്മേലുള്ള ഏദോമിന്റെ ന്യായരഹിതമായ കൈകടത്തലായി വ്യാഖ്യാനിക്കാം. “യഹോവ അവിടെ ഉണ്ടായിരിക്കെ” എന്ന പദപ്രയോഗത്തിൽ ഏദോമിന്റെ ദൈവനിഷേധം പ്രകടമാകുന്നില്ലേ! യിസ്രായേൽ ദൈവത്താൽ പരിപാലിക്കപ്പെടുന്ന അവിടുത്തെ സ്വന്തജനമാണെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും അതിനെ ഗൗനിക്കാതെയുള്ള ഏദോമിന്റെ നീക്കം ദൈവകോപത്തിനു കാരണമായി എന്നാണ് എന്റെ പക്ഷം. യഹൂദയുടെ വീഴ്ചയിൽ എദോം സന്തോഷിച്ചതു പോലെ ഏദോമിന്റെ വീഴ്ചയിൽ സർവ്വഭൂമിയും സന്തോഷിക്കുമെന്ന പ്രവാചക വാക്കുകൾക്കു മാറ്റേറെയുണ്ട്!
പ്രിയരേ, സഹോരന്റെ വീഴ്ച നമ്മുടെ സന്തോഷത്തിനു കാരണമായി ഭവിക്കാമോ? ഒരുനാളുമരുത്. ദൈവത്തിന്റെ നിർമ്മാണ പദ്ധതികളുടെ രൂപരേഖ നമ്മുടെ ധാരണകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും. ആകയാൽ സഹജീവികളോടുള്ള സഹതാപവും താതാത്മ്യവും ജീവിതത്തിന്റെ ഭാഗമാക്കുന്നതാണ് കരണീയമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.