പ്രതിദിന ചിന്ത | അളവുകൾ കൃത്യമായ ദൈവാലയം

0

യെഹെ. 40:4 “ആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.”

സഹസ്രാബ്ദ കാലത്തു യിസ്രായേലിൽ സ്ഥാപിതമാകുന്ന ദൈവാലയത്തിന്റെ ദർശനം (40:1-4), പുറത്തെ പ്രാകാരവും അതിന്റെ മൂന്നു ഗോപുരങ്ങളും അളക്കപ്പെടുന്നു (40:5-27), അകത്തെ പ്രാകാരവും അതിന്റെ മൂന്നു ഗോപുരങ്ങളും അളക്കപ്പെടുന്നു (40:28-47), ആലയത്തിന്റെ പൂമുഖം അളക്കപ്പെടുന്നു (40:48-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സഹസ്രാബ്ദകാലത്തു സ്ഥാപിക്കപ്പെടുവാൻ പോകുന്ന ദൈവാലയത്തിന്റെ വർണ്ണനയാണ് 40:1-48:35 വരെയുള്ള തിരുവചന ഭാഗങ്ങൾ. ഇവിടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ആലയത്തിന്റെ അളവുകളെ അടിസ്ഥാനമാക്കിയാൽ ഇത് ശലോമോന്റെ ആലയമല്ല. ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ജനം പണിത ആലയമായിരുന്നെങ്കിൽ സ്വാഭാവികമായും എസ്രാ, നെഹെമ്യാവ്‌, ഹഗ്ഗായി മുതലായവരുടെ പേരുകൾ പരാമർശിക്കപ്പെടുമായിരുന്നു. പ്രവാസത്തിൽ കഴിയുന്ന പ്രവാചകൻ ദിവ്യദർശനങ്ങളിൽ യിസ്രായേൽ ദേശത്തുള്ള ഉയർന്ന പർവ്വതത്തിൽ നിർത്തപ്പെട്ടു (40:2) എന്ന പശ്ചാത്തല വർണ്ണനയുടെ അടിസ്ഥാനത്തിൽ സഹസ്രാബ്ദ കാലത്തു സ്ഥാപിതമാകുവാൻ പോകുന്ന ദൈവാലയമാണിത് എന്ന അഭിപ്രായത്തോടാണ് ഭൂരിപക്ഷ വേദചിന്തകന്മാരും യോജിക്കുന്നത്. യിസ്രായേൽ സ്വന്തദേശത്തു യഥാസ്ഥാനപ്പെട്ടനന്തരം പണിയപ്പെടുന്ന ആലയവും പുനഃസ്ഥാപിക്കപ്പെടുന്ന ആരാധനയും എന്ന നിലയിൽ ഈ ഭാഗം പഠന വിധേയമാക്കണം. ആത്മാവിൽ എടുക്കപ്പെട്ട പ്രവാചകൻ പർവ്വതത്തിൽ നിർത്തപ്പെട്ടപ്പോൾ “കാഴ്ചയ്ക്കു താമ്രം പോലെയുള്ള ഒരു പുരുഷൻ” ചണച്ചരടും അളവുദണ്ഡും കരങ്ങളിലേന്തി ആലയത്തിന്റെ പടിവാതിൽക്കൽ നിന്നിരുന്നു (40:3). ആലയത്തിന്റെ നിർമ്മിതിയെ പുറത്തെ പ്രാകാരവും അതിന്റെ മൂന്നു ഗോപുരങ്ങളും (40:5-27), അകത്തെ പ്രാകാരവും അതിന്റെ മൂന്നു ഗോപുരങ്ങളും (40:28-47), പൂമുഖം (40:48-49) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നത് ശ്രദ്ധിച്ചാലും. വലിയ അളവുകൾക്കായി ചണച്ചരടും ചെറിയ അളവുകൾക്കായി അളവുദണ്ഡും ഉപയോഗിച്ചു എന്നു കരുതുന്നതാണെനിക്കിഷ്ടം! എന്തായാലും ആലയം ആകെമാനം അഥവാ എങ്ങും വിട്ടുകളയാതെ കൃത്യമായി അളന്നു തിട്ടപ്പെടുത്തി പ്രവാചകനെ ബോധ്യപ്പെടുത്തുന്ന ഒരു വലിയ നടപടിയിലേക്കാണ് പ്രവാചകൻ നടത്തപ്പെട്ടത്.

പ്രിയരേ, യിസ്രായേലിനെ സംബന്ധിച്ചു അന്യംനിന്നു പോയ ദൈവാലയവും അതിലെ ആരാധനയും പുനഃസ്ഥാപിക്കപ്പെടുന്ന അനുഗ്രഹീത സമയത്തിന്റെ സൂചന ഏറിയ മാറ്റൊടെ ചിത്രീകരിച്ചിരിക്കുന്നു ഇവിടെ! അതിന്റെ കൃത്യമായ അളവുകൾ പോലും പ്രവാചകനെ ബോധ്യപ്പെടുത്തുന്നത് ദൈവനിർണ്ണയങ്ങളുടെ മാറ്റമില്ലായ്മയുടെ പ്രഖ്യാപനമല്ലേ! “നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു” (സങ്കീ. 74:3 ഒ. നോ. യെശ. 44:26; 52:9) എന്ന ഭക്തന്റെ പ്രാർത്ഥനയുടെ പ്രസക്തി അധികം തെളിവായി വെളിപ്പെടുന്നില്ലേ ഇവിടെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like