പ്രതിദിന ചിന്ത | ബാബേൽ പ്രവാസത്തിലെ ബാലന്മാർ

0

ദാനി. 1:15 “പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.”

ദാനിയേൽ ബാബേലിൽ (1:1-7), യഹൂദ ബാലന്മാരുടെ തീരുമാനം (1:8-16), യഹൂദാ ബാലന്മാർ രാജാവിന്റെ മുമ്പാകെ അതിശ്രേഷ്ഠരായി തെളിയിക്കപ്പെടുന്നു (1:17-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“ദൈവം എന്റെ ന്യായാധിപതി” എന്നർത്ഥമുള്ള ദാനിയേൽ ബി സി 605 ൽ, തന്റെ ബാല്യത്തിൽ തന്നെ ബാബേലിലേക്കു പ്രവാസത്തിൽ പോകേണ്ടതായി വന്നു. ദീർഘകാലം ബാബേലിലെ ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗിക ജീവിതം നയിച്ച ദാനിയേൽ, നെബൂഖദ്‌നേസറിന്റെ കാലശേഷം ഔദ്യോകിക ചുമതലകളിൽ നിന്നും മാറ്റപ്പെട്ടെങ്കിലും ബേൽശസ്സറിന്റെ വിരുന്നുരാത്രിയിൽ ചുവരിൽ എഴുതപ്പെട്ട ദൈവത്തിന്റെ കൈയെഴുത്തു വായിക്കുവാൻ തിരികെ കൊണ്ടുവരപ്പെടുകയും (5:13), പാഴ്സിരാജാവായ രാജാവായ കോരെശിന്റെ മൂന്നാം ആണ്ടു വരെ ജീവിച്ചിരിക്കുകയും (1:21) ചെയ്തു. ഏറെ സംഘർഷങ്ങൾ അതിജീവിച്ച ദാനിയേൽ ഒരിയ്ക്കൽ പോലും അനുരഞ്ജനത്തിന് തയ്യാറായില്ല എന്ന വസ്തുത അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുവാനുണ്ട്. സുമാർ ബി സി 537 ൽ വിരചിതമായ പന്ത്രണ്ടു (12) അദ്ധ്യായങ്ങളും മുന്നൂറ്റി അമ്പത്താറു (356) വാക്യങ്ങളുമുള്ള ദാനിയേൽ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

ബി സി 605 ൽ യോശീയാ രാജാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തു യെരുശലേം ആക്രമിക്കപ്പെട്ടു; ജനം പ്രവാസത്തിലേക്കു പോകേണ്ടതായി വന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാ ബാലന്മാരെ ബാബിലോണ്യ വിദ്യകളിൽ നിപുണരാക്കി ഔദ്യോഗിക സ്ഥാനങ്ങളിൽ നിയോഗിക്കുവാൻ നെബൂഖദ്‌നേസർ കൽപ്പന കൊടുത്തു. അതനുസരിച്ചു, ഷണ്ഡാധിപനായ അശ്പെനാസ് മേല്പറയപ്പെട്ട ബാലന്മാരെ വേർതിരിക്കുകയും ബാബേല്യരെ പോലെ അവരെ ആക്കിത്തീർക്കുവാനുള്ള ആദ്യപടിയായി അവർക്ക് പുനഃനാമകരണം ചെയ്തു. അതായത്, ദാനീയേലിന്നു (ദൈവം ന്യായാധിപതി) അവർ ബേൽത്ത് ശസ്സർ (അവന്റെ ജീവനെ ബാൽ സംരക്ഷിയ്ക്കട്ടെ) എന്നും ഹനന്യാവിന്നു (യഹോവ കരുണയുള്ളവൻ) ശദ്രക്ക് (അക്കുവിന്റെ അഥവാ ചന്ദ്രദേവന്റെ കൽപ്പന) എന്നും മീശായേലിന്നു (ദൈവത്തെപ്പോലെ ആരുള്ളൂ) മേശക്ക് (അക്കുവിനെപ്പോലെ ആരുള്ളൂ) എന്നും അസർയ്യാവിന്നു (യഹോവയുടെ സഹായമുള്ളവൻ) അബേദ്-നെഗോ (നെബോയുടെ ദാസൻ) എന്നും പേരുവിളിച്ചു. അതായതു, യഹോവയുടെ നാമം പ്രകീർത്തിക്കുന്ന നാമങ്ങൾ നീക്കിയിട്ടു ബാബേൽ ദേവന്മാരുടെ നാമധേയം അവരുടെ മേൽ ചാർത്തിക്കൊടുത്തു എന്നു സാരം!

പ്രിയരേ, വിപരീതപരിസരങ്ങളുടെ തിരത്തള്ളൽ ഉയർത്തുന്ന വെല്ലുവിളികൾ അതിഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നു ഭയപ്പെട്ടുമ്പോഴും തീരുമാനങ്ങളിലെ ഉത്‌കൃഷ്ടത (1:8) പ്രതിയോഗികളെക്കാൾ പത്തിരട്ടി വിശിഷ്ടരാക്കി (1:20) നമ്മെ തീർക്കുമെന്ന് നാം തിരിച്ചറിഞ്ഞാലും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്‌തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like