പ്രതിദിന ചിന്ത | നെബൂഖദ്‌നേസറിന്റെ സ്വപ്നവും പൊരുളും

0

ദാനി. 2:45b “മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.”

നെബൂഖദ്‌നേസർ കണ്ട സ്വപ്നം (2:1-6), സ്വപ്നം ദാനിയേലിനു വെളിപ്പെടുന്നു (2:7-23), സ്വപ്നത്തിന്റെ വ്യാഖ്യാനം (2:24-45), എബ്രായ ബാലന്മാരുടെ സ്ഥാനക്കയറ്റം (2:46-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നെബൂഖദ്‌നേസർ രാജാവിന്റെ കാലം തൊട്ടു ക്രിസ്തുവിന്റെ രാജ്യസ്ഥാപനം വരെയുള്ള ലോകചരിത്രത്തെ കൂലങ്കഷമായും സൂക്ഷ്മമായും അപഗ്രഥിച്ചിട്ടുള്ള പ്രവാചക തൂലികാചലനമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. സ്വർഗ്ഗസ്ഥനായ ദൈവത്താൽ രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവുമെല്ലാം ലഭിക്കപ്പെട്ട നെബൂഖദ്‌നേസർ രാജാവ് (2:37) തന്റെ പള്ളിമെത്തയിൽ വിശ്രമിക്കവേ ഇനിമേൽ എന്തു സംഭവിക്കുമെന്ന വിചാരം തന്റെ ഹൃദയത്തെ ഏറെ ചിന്താകുലമാക്കി (2:29). ഈ പശ്ചാത്തലമാണ് ദൈവിക ഇടപെടലിന്റെ രംഗഭൂമിയായി ആ രാത്രിയെ മാറ്റിമറിച്ചത്. ചരിത്രത്തിൽ ആവിർഭവിക്കുവാൻ പോകുന്ന ലോകഭരണകൂടങ്ങളുടെ രൂപരേഖാചിത്രം നെബൂഖദ്‌നേസർ എന്ന ജാതീയ രാജാവിനു യഹോവയായ ദൈവം ഒരു സ്വപ്നത്തിലൂടെ വെളിപ്പെടുത്തിക്കൊടുത്തു. എന്നാൽ സ്വപ്നം ഓർമ്മയിൽ തങ്ങിനിൽക്കാതെ വന്നപ്പോൾ രാജാവ് അസ്വസ്ഥനായി. തന്റെ കൊട്ടാരംവക വിശേഷജ്ഞാനികളായ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും രാജസന്നിധിയിൽ വരുത്തി. സ്വപ്നം പ്രസ്താവിച്ചാൽ വ്യാഖ്യാനം നടത്താമെന്നതിൽ കവിഞ്ഞ ഉറപ്പൊന്നും അവരിൽ നിന്നും ലഭിക്കാതിരുന്നതിനാൽ രാജാവു ഏറെ കുപിതനായി. അവരെയെല്ലാം കൊന്നുകളയുവാനുള്ള കല്പന തിരുമനസ്സ് പുറപ്പെടുവിച്ചു. കൊല്ലപ്പെടുവാനുള്ളവരുടെ പട്ടികയിൽ ദാനിയേലിന്റെ പേരും കുറിയ്ക്കപ്പെട്ടു. അവസരത്തിന്റെ ഗുണഭോക്താവാകുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടിരുന്ന ദാനിയേൽ രാജസമക്ഷം അണഞ്ഞ് സ്വപ്നവും അതിന്റെ അർത്ഥവും കൃത്യമായി വ്യാഖ്യാനിച്ചുകൊടുത്തു. രാജാവ് കണ്ട ബിംബത്തിന്റെ തങ്കനിർമ്മിതമായ തല (2:32), ബാബിലോൺ സാമ്രാജ്യത്തെയും (BC 606-539), വെള്ളികൊണ്ടുള്ള നെഞ്ചും കയ്യും മേദ്യ-പേർഷ്യ (BC 539-331) സാമ്രാജ്യത്തെയും താമ്രം കൊണ്ടുള്ള വയറും അരയും ഗ്രീസ് സാമ്രാജ്യത്തേയും (BC 331 146), ഇരുമ്പു കൊണ്ടു നിർമ്മിതമായ കാല്, റോമൻ സാമ്രാജ്യത്തെയും (ബി സി 146-476), ഇരുമ്പും കളിമണ്ണും ഇടകലർന്നു നിർമ്മിക്കപ്പെട്ട കാലും കാൽവിരലുകളും ഭിന്ന രാജ്യത്വം അഥവാ വർത്തമാനകാല ജനാധിപത്യ വ്യവസ്ഥിതിയെയും (ബി സി 476-ഇന്നയോളം) പ്രതിനിധാനം ചെയ്യുന്നതാണ്. കൈതൊടാതെ പറിഞ്ഞു വരുന്ന കല്ല്, ഈ സാമ്രാജ്യങ്ങളുടെ അവസാനത്തിൽ സ്വർഗ്ഗസ്ഥനായ ദൈവം സ്ഥാപിക്കുവാൻ പോകുന്ന മശിഹായുടെ നിത്യരാജ്യത്തെയും സൂചിപ്പിക്കുന്നു.

പ്രിയരേ, നെബൂഖദ്‌നേസറിന്റെ കാലം മുതൽ വർത്തമാനകാലം വരെയുള്ള പ്രവചനങ്ങളുടെ നിവൃത്തീകരണം കൃത്യമായി സംഭവിച്ചെന്നു ചരിത്രകുതൂഹികൾ ഒന്നടങ്കം സമ്മതിക്കുന്ന വസ്തുതയാണ്. അങ്ങനെയെങ്കിൽ “കൈ തൊടാതെ പറിഞ്ഞു വരുന്ന കല്ല്” അധികാരമേൽക്കുവാൻ അധികകാലം ഇനിയുമില്ല തന്നെ! സ്തോത്രം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like