ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് വെളിപ്പെടുത്തി തന്നത് ‘ചോസണ്‍’: നടി എലിസബത്ത് ടബിഷ്
വാഷിംഗ്ടണ്‍ ഡിസി: ദൈവത്തില്‍ സംശയമുണ്ടായിരുന്ന തനിക്ക് ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് വെളിപ്പെടുത്തി തന്നത് പ്രസിദ്ധ ബൈബിള്‍ പരമ്പരയായ ‘ദി ചോസണ്‍’ ആണെന്ന് നടി എലിസബത്ത് ടബിഷ്. ചോസണ്‍ പരമ്പരയിലെ മഗ്ദലന മറിയത്തിന്റെ കഥാപാത്രം അവതരിപ്പിച്ച നടി കൂടിയാണ് ടബിഷ്. ടെക്സാസിലെ ഓസ്റ്റിനിലെ അഭിനേത്രിയായിരുന്ന ടാബിഷ് തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അഭിനയത്തിലുള്ള താല്‍പ്പര്യവും കുറഞ്ഞുകൊണ്ടിരുന്നു. വളരെയേറെ അസ്വസ്ഥത നിറഞ്ഞ കാലഘട്ടമായിരിന്നു അതെന്നു ടബിഷ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. ദിവസം തള്ളിനീക്കുവാനുള്ള ചിലവുകള്‍ പോലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. വാടക തന്നെ കഷ്ടിച്ചാണ് കൊടുത്തിരുന്നത്. ഇല്ലാത്ത ഒരു സ്വപ്നത്തിന്റെ പിറകേയാണ് താന്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന തോന്നല്‍ മറ്റൊരു തൊഴില്‍ അന്വേഷിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും സി.ബി.എന്‍ ഫെയിത്ത് വയറിന് നല്‍കിയ അഭിമുഖത്തില്‍ ടബിഷ് പറഞ്ഞു.
അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് നോവലിസ്റ്റ് ജെറി ബി. ജെങ്കിന്‍സിന്റെ മകനായ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദി ചോസണിലെ മഗ്ദലന മറിയത്തിന്റെ വേഷം ടബിഷിനെ തേടിയെത്തുന്നത്. ദൈവത്തിലും, ദൈവ വിശ്വാസത്തിലും താന്‍ സംശയാലുവായിരുന്നു എന്ന കാര്യം ടബിഷ് തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ചോസണിലെ വേഷം തന്നെ ഒരു പുതിയ സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വേദനാജനകമായ കാര്യങ്ങളിലൂടെ കടന്നുപോയില്ലായിരുന്നുവെങ്കില്‍ മഗ്ദലന മറിയത്തിന്റെ വേഷം നന്നായി കൈകാര്യം ചെയ്യുവാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരിന്നു. ദൈവം സദാസമയവും അവിടെ ഉണ്ടായിരുന്നെന്നും ക്രമേണ താന്‍ മനസ്സിലാക്കിയെന്നും, ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് ഓര്‍മ്മിപ്പിച്ച പല അനുഭവങ്ങളും തനിക്കുണ്ടായെന്നും ടബിഷ് പറഞ്ഞു.
മഗ്ദലന മറിയത്തിലേക്ക് കൂടുതലായി ഇറങ്ങിചെന്നപ്പോഴാണ് ആ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മാത്രമല്ല, യേശുവിന്റെ ഭൂമിയിലെ ദൗത്യത്തേക്കുറിച്ചും, വിശുദ്ധ ലിഖിതങ്ങളുടെ സമ്പുഷ്ടതയേക്കുറിച്ചും ബോധവതിയായത്. യേശു സ്ത്രീകളെ ഉയര്‍ത്തുകയായിരുന്നു. പുരുഷന്മാരേപ്പോലെ തന്നെയാണ് യേശു സ്ത്രീകളെ ശ്രദ്ധിക്കുകയും, ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തത്. ഇപ്പോള്‍ ‘ദി ചോസണ്‍’ വെറുമൊരു തൊഴിലോ, മഗ്ദലന മറിയം വെറുമൊരു കഥാപാത്രമോ അല്ല. തന്നെ സംബന്ധിച്ചിടത്തോളം ആളുകള്‍ തെറ്റ് ചെയ്യുമെങ്കിലും ദൈവത്തിന്റെ ക്ഷമ പഠിപ്പിച്ച ഒരു അദ്ധ്യാപിക കൂടിയായാണ് മഗ്ദലന മറിയമെന്നും താരം പറഞ്ഞു. കോടിക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായി മാറിയ ദി ചോസണിന്റെ മൂന്നാം സീസണിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ നവംബര്‍ 18-ന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകനായ ജെങ്കിന്‍സ് അറിയിച്ചിട്ടുണ്ട്.