പ്രതിദിന ചിന്ത | പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രതാപവും അസ്തമയവും

0

ദാനി. 11:3 “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.”

വിവിധ രാജ്യങ്ങളെ സംബന്ധിച്ച പ്രവചനത്തിൽ പേർഷ്യ (11:1-2), ഗ്രീസ് (11:3-4), ഈജിപ്തും സിറിയയും (11:5-20), അന്ത്യോക്കസ് എപ്പിഫാനസ് (11:21-35), എതിർക്രിസ്തു (11:36-45) മുതലായ ഭരണകൂടങ്ങൾ എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നിറവേറപ്പെട്ട സുമാർ 375 വർഷങ്ങളുടെ ചരിത്രാലേഖനവും (11:1-35) കൃത്യമായി നിറവേറപ്പെടാനിരിക്കുന്ന എതിർക്രിസ്തുവിന്റെ വാഴ്ചയുമാണ് ഈ ആദ്ധ്യായത്തിന്റെ കാര്യസാരമായ ഉള്ളടക്കം. മേദ്യനായ ദാര്യവേശുമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്നു ദാനിയേൽ (11:1) എന്നു ന്യായമായി ചിന്തിക്കാം. തനിക്കു ശേഷം ഗ്രീക്കു സാമ്രാജ്യം അധികാരം പിടിച്ചടക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ പേർഷ്യയിൽ അഥവാ പാഴ്സി ദേശത്തു ആവിർഭവിക്കുവാൻ പോകുന്ന നാലു രാജാക്കന്മാരെ സംബന്ധിച്ചുള്ള കൃത്യമായ വസ്തുതകൾ രാജാവിനെ ഗ്രഹിപ്പിക്കുവാൻ (11:2) ദാനിയേൽ തയ്യാറാകുന്നു. ഇനിവരുന്ന മൂന്നു രാജാക്കന്മാർ എന്ന പ്രസ്താവനയിൽ കമ്പിസസ് (ബിസി 530-522), പ്സ്യൂനഡോ-സ്മെർഡിസ് (ബിസി 522-521), ദാര്യാവേശ് I ഹിറ്റാസ്പേസ് (ബിസി 521-486) എന്നിവരായിരുന്നു. നാലാമതായി വരുന്ന രാജാവ് മറ്റെല്ലാവരിലും ധനവവൻ ആയിരിക്കും (11:2c) എന്ന സൂചന അർത്ഥഹ്ശഷ്ടാ അഥവാ അഹശ്വരോശ് (ബിസി 486-465) രാജാവിനെ സംബന്ധിച്ചുള്ള പ്രവചനമായി പഠിയ്ക്കാം. ചുരുക്കത്തിൽ ദാര്യാവേശ് (ബിസി 539) മുതൽ മേൽപ്രസ്താവിക്കപ്പെട്ട നാലു രാജാക്കന്മാരുടെ ഭരണകാലമായ സുമാർ ഏഴരപതിറ്റാണ്ടുകൾ (74 വർഷങ്ങൾ) കൊണ്ട് മേദ്യ-പേർഷ്യൻ കാലഘട്ടത്തിനു അവസാനം സംഭവിക്കുമെന്ന കാര്യം ദാനിയേൽ രാജാവിനെ ബോധ്യപ്പെടുത്തി. നാലാമത്തെ രാജാവിന്റെ ഭരണകാലത്തു യവനരാജ്യം അഥവാ ഗ്രീക്ക് സാമ്രാജ്യം പേർഷ്യൻ സാമ്രാജ്യത്തെ നാസ്തിയാക്കി അധികാരത്തിൽ എത്തും. “വിക്രമനായൊരു രാജാവ്” (11:3) അഥവാ മഹാനായ അലക്‌സാണ്ടർ തന്നിഷ്ടക്കരനായി ഭരണം കൈയ്യേല്ക്കും. കേവലം മുപ്പത്തിരണ്ടാം വയസ്സിൽ അന്തരിച്ച അലക്‌സാണ്ടർ, സ്ഥാപിച്ച സാമ്രാജ്യസീമ അപരിമേയമായിരുന്നു.

പ്രിയരേ, ക്രിസ്തുവിന്റെ രണ്ടാം വരവോടെ നടക്കുവാൻ പോകുന്ന സംഭവവികാസങ്ങളുടെ പരിസമാപ്തി വളരെക്കാലത്തേയ്ക്കുള്ള ദർശനങ്ങളുടെ ശൃംഖലയാണ്. അതായത് ദാര്യവേശിന്റെ കാലം മുതൽ ക്രിസ്തുവിന്റെ നിത്യരാജ്യത്തോളം ദീർഘമാകുന്ന ഭരണ സംവിധാനങ്ങളുടെ രേഖാചിത്രമായ ഈ പ്രവചങ്ങളുടെ കൃത്യത തിരുവെഴുത്തുകളോടുള്ള നമ്മുടെ മനോഭാവം ഉത്‌കടമാക്കുന്ന പ്രമാണ രേഖകളായി ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like