പ്രതിദിന ചിന്ത | അനുതാപവും ദൈവമുഖം അന്വേഷിക്കുവാനുള്ള ജാഗ്രതയും
ഹോശേയ. 5:15 “അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”
യിസ്രായേലിനെതിരായുള്ള വിധി പ്രസ്താവന (5:1-7), സമാഗതമായ യിസ്രായേലിന്റെ ശിക്ഷയുടെ പ്രഖ്യാപനം (5:8-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പുരോഹിതന്മാരെയും യിസ്രായേൽ ഗൃഹത്തെയും രാജഗൃഹത്തെയും വിളിച്ചുകൂട്ടിയുള്ള (5:1) പ്രവാചകന്റെ സന്ദേശമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. വിധിപ്രഖ്യാപനവും ശിക്ഷയുടെ സമാഗമനവും ഉറപ്പായ ഒരു പരിസത്തിലൂടെയാണ് പ്രവചനം പുരോഗമിക്കുന്നത്. താത്കാലികമായി യഹോവയായ ദൈവം ജനത്തെ വിട്ടു മാറിയിരിക്കുന്നു. കഷ്ടതയുടെ നാളുകളിലൂടെ ജനത്തെ കടത്തിവിട്ടിട്ടു തന്റെ സ്ഥാനത്തു പോയിരിക്കുന്നു യഹോവയായ ദൈവം! ദൈവത്തിന്റെ ഈ അകന്നിരിപ്പിനു കാരണം, ദൈവത്തോട് ജനം ചേർന്നിരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള താത്കാലിക നടപടിയായി മാത്രം കരുതുന്നതാണെനിക്കിഷ്ടം! വേദനാജനകമായ അനുഭവങ്ങളിലൂടെ ജനത്തെ പ്രവേശിപ്പിക്കുമ്പോൾ അതിലൂടെയുള്ള ദൈവോദ്ദേശ്യം അവരുടെ മാനസാന്തരമല്ലാതെ മറ്റൊന്നുമല്ല. ദൈവം ദൂരസ്ഥനായിരിക്കുന്നതിന്റെ കാലാവധി “ജനം കുറ്റം ഏറ്റുപറഞ്ഞു ദൈവമുഖം അന്വേഷിക്കുവോളം” (5:15) മാത്രമേയുള്ളൂ എന്ന ശുഭോദ്ദീപകമായ വാർത്ത ഏറെ ആശ്വാസകരമല്ലേ! പശ്ചാത്തപിക്കുന്ന പാപിയോടുള്ള ദൈവിക മനോഭാവം എത്ര കൃത്യമായി വരച്ചുകാട്ടപ്പെട്ടിരിക്കുന്നു ഇവിടെ! അകൃത്യങ്ങൾ ദൈവത്തെ മനുഷ്യനിൽ നിന്നും ദൂരെയകറ്റുന്ന ഘടകമായും അനുതാപം ദൈവത്തെ മനുഷ്യനോട് അടുപ്പിക്കുന്ന ഘടകമായും ചിത്രീകരിക്കപ്പെടുന്നു. അനുതാപം മനസാന്തരത്തിലേക്കു തുറക്കപ്പെടുന്ന വാതായനമാണ്. അതിലൂടെ സഞ്ചരിക്കുന്ന ഏതൊരു പാപിയ്ക്കും ദൈവത്തോടടുക്കുവാൻ നിഷ്പ്രയാസം സാധിക്കും. ദൈവമുഖം ജാഗ്രതയോടെ അന്വേഷിക്കുവാൻ ഉതകും വിധം ദൈവത്താൽ അയയ്ക്കപ്പെടുന്ന കഷ്ടതകൾക്കുള്ള കൃത്യമായ സ്വാധീനം ഈ പ്രമേയത്തിൽ ചൂണ്ടികാണിക്കുവാനുണ്ട്. ചുരുക്കത്തിൽ പാപിയുടെ വിനാശമല്ല, പ്രത്യുത മാനസാന്തരമാണ് ദൈവിക പദ്ധതിയുടെ കാതലെന്നു പഠിയ്ക്കുന്നതാണ് അഭികാമ്യം!
പ്രിയരേ, അനുതാപത്തിലേക്കും മടങ്ങിവരവിലേക്കും ഒരു പാപി എത്തിച്ചേരുന്നതല്ലേ ദൈവിക പദ്ധതിയുടെ പൂർണ്ണത. “എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു” (സങ്കീ. 73:28a) എന്ന ആസാഫ്യ വാക്കുകൾ ചേർത്തു ധ്യാനിച്ചാലും! ദൈവത്തെ അന്വേഷിക്കുന്ന തലമുറയിൽ പ്രസാദിക്കുന്ന ദൈവം അവരോടൊരുമിച്ചു വസിക്കുമെന്നും നാം ഓർത്തിരിക്കണം.
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.