കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുമ്പസാര രഹസ്യമാണെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം

0

പെര്‍ത്ത്: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുമ്പസാര രഹസ്യമാണെങ്കില്‍ പോലും അക്കാര്യം പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശിക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍.

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇതുസംബന്ധിച്ച് എന്തു വിവരം കിട്ടിയാലും, അതു കുമ്പസാര രഹസ്യമാണെങ്കില്‍ പോലും അറിയിക്കണമെന്നാണ് നിയമം. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ പരമാവധി 6000 ഡോളര്‍ വരെ വൈദികരുടെ മേല്‍ പിഴ ചുമത്താം.

വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നിയമം പാസാക്കിയത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഒക്ടോബര്‍ 14-ന് പാസാക്കിയ ചില്‍ഡ്രന്‍ ആന്‍ഡ് കമ്യൂണിറ്റി സര്‍വീസസ് അമന്റ്‌മെന്റ് ബില്‍ 2021 അനുസരിച്ചാണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ പുരോഹിതരോടുള്ള കുമ്പസാരവും ഉള്‍പ്പെടുന്നത്.

നിലവിലുണ്ടായിരുന്ന നിയമത്തില്‍ 124 ബി എ എന്ന പുതിയൊരു വകുപ്പ് മതപുരോഹിതര്‍ക്കു വേണ്ടി മാത്രമായി കൂട്ടിച്ചേര്‍ത്തു. ഈ വകുപ്പ് കുമ്പസാരം എന്താണ് എന്നു നിര്‍വചിക്കുന്നതിനോടൊപ്പം പുരോഹിതര്‍ക്ക് മുന്‍പുണ്ടായിരുന്ന ആനുകൂല്യം റദ്ദാക്കുകയും ചെയ്തു.

വൈദികര്‍ക്കൊപ്പം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍, അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥര്‍, ബോര്‍ഡിംഗ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരാണ് പ്രധാനമായും നിയമത്തിന്റെ പരിധിയില്‍ വരുന്നത്. വൈദികര്‍ ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് മക്‌ഗോവന്‍ സര്‍ക്കാരെന്ന്് ശിശു സംരക്ഷണ മന്ത്രി സിമോണ്‍ മക്ഗുര്‍ക്ക് പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം കൈമാറേണ്ടത് ഏതൊരു മുതിര്‍ന്ന പൗരന്റെയും കടമയാണെന്നും നിയമത്തിലുണ്ട്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനായി ശിപാര്‍ശകള്‍ നല്‍കുന്നതിനു നിയോഗിച്ച റോയല്‍ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമം.

അതേസമയം കുമ്പസാരം എന്ന കൂദാശയുടെ പവിത്രതയും രഹസ്യാത്മകതയും ഇല്ലാതാക്കുന്ന ഇത്തരം നീക്കത്തെ ഏറ്റവും വേദനയോടെയാണ് പൗരോഹിത്യ സഭകൾ കാണുന്നത്. മതപരമായ അവകാശങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അതിനു മേല്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കുമ്പസാരംത്തില്‍ ഒരു വ്യക്തി ഏറ്റുപറയുന്ന പാപങ്ങള്‍ മരണം വരെ വെളിപ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ ഒരു വൈദികന്‍ പ്രതിജ്ഞാബദ്ധനാണ്. കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ സഭയുടെ നിയമങ്ങളും അനുവദിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ നിയമങ്ങളും സഭാ നിയമങ്ങളും സമാന്തരമായി നില്‍ക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ്, സൗത്ത് ഔസ്ട്രേലിയ, ടാസ്മാനിയ, വിക്ടോറിയ, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളിലും സമാനമായ നിയമം കൊണ്ടുവന്നിരുന്നു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന പുതിയ നിയമം സഭാ നിയമങ്ങള്‍ക്കും ദൈവിക നിയമങ്ങള്‍ക്കും എതിരാണെന്ന് ക്വീന്‍സ് ലാന്‍ഡില്‍ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് പ്രതികരിച്ചിരുന്നു. പുരോഹിതര്‍ ദൈവത്തിന്റെ ദാസന്മാരാണെന്നും ഭരണകൂടത്തിന്റെ ഏജന്റുമാരല്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

You might also like