പ്രതിദിന ചിന്ത | യഹോവ നീതി വർഷിപ്പിക്കുന്ന കാലം
ഹോശേയ. 10:12 “നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.”
ബലിപീഠങ്ങളും വിഗ്രഹസ്‌തംഭങ്ങളും വർദ്ധിപ്പിച്ച യിസ്രായേൽ (10:1-8), മാനസാന്തരത്തിനായും യഹോവയെ അന്വേഷിക്കുവാനുമുള്ള ആഹ്വാനം (10:9-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യിസ്രായേലിനെ പടർന്നിരിക്കുന്നതും ഫലം കായ്ക്കുന്നതുമായ ഒരു മുന്തിരിവള്ളിയോട് (10:1) ഉപമിച്ചു കൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. ഫലത്തിന്റെ ബഹുത്വം സ്വാഭാവികമായതും ദേശത്തിന്റെ നന്മയ്ക്കു കാരണമായി ഭവിച്ചു. എന്നാൽ അത്തരം ഉയർച്ചകൾ ദൈവാഭിമുഖമാക്കുന്നതിനു അവരെ തുണച്ചില്ലെന്ന വസ്തുത വ്യക്തമാക്കുന്നു. ദേശത്തിന്റെ നന്മകൾ ദൈവത്തിന്റെ ദാനമായി കണക്കാക്കി ദൈവഭയത്തിൽ ജീവിതം കരുതുവാൻ അവർ ബാധ്യസ്ഥരായിരുന്നു. അതിനു പകരമായി അവർ ചെയ്തതോ, ബലിപീഠങ്ങളുടെയും വിഗ്രഹങ്ങളുടെയും എണ്ണം വർദ്ധിപ്പിച്ചു ദൈവത്തിനു വിരോധമായ നിലപാട് സ്വീകരിച്ചു. ശമര്യയുടെ തകർച്ച സമഗ്രമായി വരച്ചു കാട്ടപ്പെട്ടിരിക്കുന്നു ഈ അദ്ധ്യായത്തിൽ. യഹോവയെ അന്വേഷിക്കുവാനുള്ള ആഹ്വാനം ഏകവാക്യത്തിൽ (10:12) വിളിച്ചു പറയുന്നു പ്രവാചകൻ. ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നു സ്വന്ത വഴിയിലും വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്ന ജീവിത ശൈലി ഉപേക്ഷിക്കണമെന്നും (10:13) പകരം നീതിയിൽ വിതെച്ചു, ദയക്കൊത്തവണ്ണം കൊയ്ത്, തരിശുനിലം ഉഴുതു, യഹോവയെ അന്വേഷിക്കുവാനുള്ള കാലമണഞ്ഞെന്നും ജനത്തെ ഓർപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം യഹോവ അവരുടെ മേൽ നീതി വർഷിപ്പിക്കുമെന്നും (10:12) പ്രവാചകൻ ഉറപ്പു കൊടുക്കുന്നു. ചുരുക്കത്തിൽ സമൂലമായ ഒരു മാറ്റത്തിലേക്കു യിസ്രായേൽ നടന്നടുക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കപ്പെടുന്നു. ദൈവാശ്രയം സങ്കുചിതമാകുന്നിടത്തു ആത്മീക അധഃപതനം സ്വാഭാവികമായി രൂപപ്പെടുന്നു. അതിന്റെ പരിണിതിയാകട്ടെ, ന്യായവിധിയായി ജനത്തിന്മേൽ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പും അതിപ്രാധാന്യതയോടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രിയരേ, യഹോവയുടെ ദേശം ഫലദായകമായ മുന്തിരിവള്ളിയ്ക്ക് സാദൃശ്യമാണ്; യഹോവയെ അന്വേഷിക്കുന്നവർ ആ നന്മയുടെ ഓഹരിക്കാരും! നീതിയുടെ പ്രവൃത്തികൾ അതിന്റെ ഫലദായകത്വം നിലനിർത്തുന്നതും അതിന്റെ കൊമ്പുകളിൽ പുഷ്ടി വർഷിപ്പിക്കുന്നതും ആയിരിക്കും. ദൈവാരാധനയിലെ വിശ്വസ്തതയും ഏകാഗ്രതയും ദൈവാന്വേഷണത്തിന്റെ പന്ഥാവായി കരുതി നന്മയുടെ പ്രതിഗ്രാഹകരാകുന്നതാണ് ദൈവേച്ഛയ്ക്കടുത്ത അനുക്രമെന്നു ചൂണ്ടികാണിക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.