പ്രതിദിന ചിന്ത | ദൈവത്താൽ നടത്തം ശീലിച്ച യിസ്രായേൽ

0

ഹോശേയ. 11:3 “ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൌഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല.”

ബാല്യകാലം മുതൽ ദൈവത്താൽ സ്നേഹിക്കപ്പെട്ടിട്ടും ദൈവത്തിങ്കലേക്കു മടങ്ങിവരുവാൻ മനസ്സു കാട്ടാത്ത യിസ്രായേൽ (11:1-7), മത്സരം ഏറെയുള്ളപ്പോഴും ജനത്തെ സ്നേഹിക്കുന്ന ദൈവിക മനോഭാവം (11:8-12) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെ ദൈവത്തിന്റെ പുത്രനായി വിശേഷിപ്പിക്കുന്ന വേദഭാഗമാണിത് (11:1). മിസ്രയീമിൽ നിന്നുമുള്ള യിസ്രായേലിന്റെ വീണ്ടെടുപ്പ് അവരുടെ ബാല്യകാലത്തോട് ഉപമിച്ചിരിക്കുന്നു. ശൈശവാവസ്ഥ മുതൽ ഒരു പിതാവ് തന്റെ കുഞ്ഞിനെ കരുതി പാലിക്കുന്നതിനാലാണ് അവൻ വളർച്ചയും പ്രായപൂർത്തിയും പ്രാപിക്കുന്നത്. അതേ നിലയിൽ യിസ്രായേലും വളർത്തപ്പെട്ടു എന്ന വസ്തുത പ്രവാചകൻ ഊന്നിപ്പറയുന്നു. എഫ്രയീമിനെ അഥവാ യിസ്രായേലിനെ നടക്കുവാൻ ശീലിപ്പിച്ച പിതാവായി (11:3a) യഹോവയായ ദൈവത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തന്റെ കരങ്ങൾ കൊടുത്തു അതിൽ പിടിച്ചും പിടിപ്പിച്ചും കുഞ്ഞുപാദങ്ങൾ നിലത്തുറപ്പിയ്ക്കുവാൻ പിതാവ് ശീലിപ്പിക്കുന്നു. ആ കുഞ്ഞിക്കാലുകൾക്കു സംഭവിക്കുവാൻ സാധ്യതകളുള്ള അപകട പരിസരങ്ങൾ എടുത്തുമാറ്റിയിട്ടു മാത്രമേ പാദങ്ങൾ ഊന്നുവൻ പിതാവ് സമ്മതിക്കുകയുള്ളൂ. ഇനിയും നടപ്പിന്റെ പ്രാരംഭദശയിൽ കുഴഞ്ഞുപോകുന്ന കുഞ്ഞിക്കാലുകൾ മനസ്സിലാക്കിയ ഉടനെ അവരെ ഭുജങ്ങളിൽ വഹിക്കുന്ന (11:3b) ഇടപെടലും അടിയന്തിരമായി ദൈവം നടത്തുന്നു. കുസൃതിയുടെയോ അശ്രദ്ധയുടെയോ ഫലമായി ആ നടപ്പിലെവിടെയെങ്കിലും അപകടം പിണഞ്ഞാൽ അവിടൂന്നു അവരെ സൗഖ്യമാക്കുകയും (11:3c) ചെയ്യുന്ന ദൈവിക നടപടിക്രമം ഇവിടെ വ്യക്തമാക്കുന്നു. ഇങ്ങനെ ഏറെ ലളിതമായ ദൃഷ്ടാന്തം പ്രവാചകൻ ഉപയോഗിച്ചിരിക്കുന്നതിനാൽ യിസ്രായേലിന്റെ ആരംഭം മുതലിങ്ങോട്ടുള്ള ദൈവിക ബന്ധത്തിലെ വ്യതിചലനങ്ങൾ കൃത്യമായി മനസ്സിലാക്കുവാൻ നമുക്കാകുമല്ലോ! ദൈവത്താൽ ഏറെ സ്നേഹിക്കപ്പെട്ടിട്ടും കരുതൽ ആവോളം അനുഭവിച്ചിട്ടും “എന്റെ ജനം എന്നെ വിട്ടു പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു” (11:7) എന്ന പ്രസ്താവന ഏറെ നിരാശാജനകമല്ലേ!

പ്രിയരേ, നാം അറിഞ്ഞും അറിയാതെയും ദൈവത്താൽ ഒരുക്കപെട്ട പരിശീലനങ്ങളാണ് നമ്മെ നിലനിർത്തുന്നത് എന്ന തിരിച്ചറിവ് നമുക്കില്ലാതെ പോകുന്നത് എത്രയോ ദുഃഖകരമാണ്! ബാല്യം മുതൽ കരുതുന്ന, അപകട പരിസരങ്ങളിൽ സമീപസ്ഥനായി വന്നു ഭുജങ്ങളിൽ വഹിക്കുന്ന പിതാവായ ദൈവത്തെ വിട്ടു പിന്തിരിയുന്നതു ഉപശാന്തിയല്ലാതാകും വണ്ണമുള്ള അനുക്രമങ്ങൾക്കു വഴിതുറക്കലാകുമെന്നു നാം മറന്നുപോകരുത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like