പ്രതിദിന ചിന്ത | കാറ്റിലും കിഴക്കൻ കാറ്റിലും ഒളിഞ്ഞിരിക്കുന്ന അപകട പരിസരങ്ങൾ
ഹോശേയ. 12:1 “എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂർയ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.”
യാക്കോബിന്റെ ഭൂതകാലം അനുസ്മരിപ്പിച്ചു കൊണ്ട് യിസ്രായേലിന്റെ വർത്തമാനകാലം രേഖപ്പെടുത്തുന്നു (12:1-6), യിസ്രായേലിന്റെ തുടരുന്ന പ്രകോപനം (12:8-12) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യിസ്രായേലിന്റെ അസ്ഥിരമായ ആശ്രിതജീവിതത്തെ അവതരിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന “കാറ്റിനെ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു” എന്ന ഉപമ ഏറെ ശ്രദ്ധേയമാണ്. ഗമനാഗമനങ്ങളുടെ കേന്ദ്രം നിശ്ചയമല്ലാത്തതും താത്കാലികമായി മാത്രം അനുഭവവേദ്യമാകുന്നതും പിന്നെ മാഞ്ഞുപോകുന്നതുമായ പ്രതിഭാസമാണ് കാറ്റ്. കിഴക്കൻ കാറ്റാകട്ടെ, മേല്പറയപ്പെട്ട ലക്ഷണങ്ങൾക്കു പുറമെ നശീകരണ സ്വഭാവം കൂടെ അവകാശപ്പെടുവാനുള്ളതാണ്. ഉദാഹരണം, ഫറവോൻ കണ്ട സ്വപ്നത്തിൽ കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പോയ കതിരുകൾ എന്ന പ്രയോഗവും (ഉൽപ്പ. 41:6), “കിഴക്കൻ കാറ്റിനാൽ തീരെ വാടിപ്പോകും” (യെഹെ. 17:10) കൂടാതെ ഹോശേയ 13:5; ഇയ്യോ. 15:2 മുതലായ വാക്യങ്ങളും ചേർത്തു ധ്യാനിച്ചാലും! യിസ്രായേൽ ആശ്രയിച്ച കേന്ദ്രങ്ങളായ അശൂർ, മിസ്രയീം മുതലായ രാജ്യങ്ങളുടെ പൊയ്മുഖങ്ങൾ വരച്ചുകാട്ടുവാൻ ഇതില്പരം ഉദാഹരണം ആവശ്യമില്ലെന്നാണ് എന്റെ പക്ഷം! ഉറപ്പുള്ള പാറയായ യഹോവയായ ദൈവത്തിൽ ആശ്രയം വയ്‌ക്കേണ്ടതിനു പകരം താത്കാലികങ്ങളായ ഇടങ്ങളിൽ അവർ വച്ച ആശ്രയം പരിഹാസദ്യോതകമായി ഇവിടെ പരാമർശിക്കപ്പെടുന്നു. സ്ഥിരപ്രജ്ഞമല്ലാത്ത ആശ്രയം എന്നതിലുപരി, ഈ ആശ്രയങ്ങൾ വരുത്തി തീർക്കുന്ന നശീകരണത്തിനും യിസ്രായേൽ വിധേയപ്പെട്ടു പോകുമെന്ന സൂചന ഈ വാക്യങ്ങളിൽ പ്രകടമാകുന്ന തീവ്രമായ ആശങ്കയായി തന്നെ അവശേഷിക്കപ്പെടുന്നു. അതിലേക്കുള്ള വിരൽചൂണ്ടലാണ് “അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നു” എന്ന പ്രയോഗം. ഒരേസമയം അശൂരുമായി ഉടമ്പടി ചെയ്യുകയും അവരുടെ ശത്രുവായ മിസ്രയീമിന് ഒലിവെണ്ണ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ആത്മഹത്യാപരമായ ഇടപെടൽ യിസ്രായേലിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിന്റെ തിക്താനുഭവം അവർ നന്നായി രുചിച്ചറിഞ്ഞിട്ടുമുണ്ട്!
പ്രിയരേ, ദൈവാശ്രയം എന്നതിൽ കവിഞ്ഞൊന്നും നമ്മുടെ ലക്‌ഷ്യം ആകരുത്. മറിച്ചുള്ള ഏതു പരിസരങ്ങളും അപകടം നിറഞ്ഞതും ശൂന്യത മാത്രം ഉറപ്പാക്കുന്നതും ആയിരിക്കും. ദൈവാശ്രയം മുഖ്യ ലക്ഷ്യമാക്കി ചുവടുകൾ വയ്ക്കുന്നവർ അഭിവൃദ്ധി പ്രാപിക്കും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.