പ്രതിദിന ചിന്ത | ദൈവിക രഹസ്യങ്ങൾ അറിയുന്ന ഭക്തർ
ആമോസ് 3:7 “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”
യിസ്രായേലിന്റെ ന്യായവിധി ആലങ്കാരിക ഭാഷയിൽ മുന്നറിയിക്കുന്നു (3:1-8), യിസ്രായേൽ ന്യായം പ്രവർത്തിക്കുവാൻ അറിയാത്തവർ എന്ന പരിഹാസദ്യോതക പ്രയോഗം (3:9-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ദൈവത്തിന്റെ സകല പ്രവൃത്തികൾക്കും കൃത്യമായ രൂപരേഖയുണ്ട്. അതിനു ഒരു രഹസ്യ സ്വഭാവവുമുണ്ട്. ആ രഹസ്യങ്ങൾ വെളിപ്പെടുത്തപ്പെടുന്നത് തന്റെ ദാസന്മാർക്കു മാത്രമായിരിക്കും. “ഞാൻ ചെയ്വായനിരിക്കുന്നതു (സൊദോം, ഗൊമോര പട്ടണങ്ങളുടെ നശീകരണം) അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉൽപ്പ. 18:17) എന്ന ദൈവിക അരുളപ്പാടു അതിനുള്ള ഉദാഹരണമാണ്. ബാബേൽ പ്രവാസത്തിൽ ആയിരുന്ന ദാനിയേലിനു രഹസ്യങ്ങൾ വെളിപ്പെടുത്തപ്പെട്ട നിരവധി സംഭവങ്ങൾ (2:9; 9:22) അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല പ്രവാചകന്മാരായ അവിടുത്തെ ഭക്തന്മാരിലൂടെ ദൈവം പ്രസ്‌താവിച്ചിട്ടുള്ള അരുളപ്പാടുകൾ എല്ലാം തന്നെ രഹസ്യങ്ങളുടെ വെളിപ്പെടുത്തലായി തന്നെ പഠിക്കാനാകുന്ന പ്രമേയങ്ങളാണ്. “ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്വഎന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ” (എഫേ. 3:3) എന്ന പ്രസ്‌താവനയിൽ ദൈവസഭയെന്ന രഹസ്യം അഥവാ മർമ്മം ദൈവം പൗലോസിന് വെളിപ്പെടുത്തിയെന്നു വ്യക്തമാക്കുന്നു. അന്ത്യകാല സംബന്ധമായ ദൈവിക നിർണ്ണയങ്ങൾ പ്രിയശിഷ്യനായിരുന്ന യോഹന്നാന് പത്മോസിന്റെ ഏകാന്തതയിൽ വെളിപ്പെടുത്തിയതും (വെളിപ്പാടു പുസ്തകം) ദൈവിക രഹസ്യങ്ങളുടെ പ്രത്യേക വെളിപ്പെടുത്തലിന്റെ ഭാഗം തന്നെ ആയിരുന്നു. “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (യോഹ. 15:15) എന്ന മശിഹായുടെ പ്രസ്താവനയിൽ വർത്തമാനകാലത്തും ദൈവം ചെയ്യുവാനിരിക്കുന്ന കർമ്മപദ്ധതികളുടെ രൂപരേഖകൾ തന്റെ ഭക്തന്മാർക്കായി വെളിപ്പെടുത്തുന്നതിന്റെ സൂചനയായി കരുതരുതോ!
പ്രിയരേ, ദൈവിക കാര്യപരിപാടികൾ കൃത്യതയുള്ളതും നിലനിൽക്കുന്നതുമാണ്. സമയാസമയങ്ങളിൽ അതിന്റെ നിവൃത്തീകരണം നടക്കുക തന്നെ ചെയ്യും. എങ്കിലും അതാതു സമയങ്ങളിൽ തന്റെ ഭക്തന്മാരോട് അവിടുത്തെ തിരുവുള്ളം വെളിപ്പെടുത്തി അവിടുത്തെ മഹത്വം വെളിപ്പെടുത്തും. ദൈവിക രഹസ്യങ്ങൾ അറിയുന്ന അവിടുത്തെ “സ്നേഹിതന്മാർ” ആയിരിക്കുന്നത് എത്രയോ ധാന്യമാണ്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.