നൈജീരിയയില്‍ നിരവധി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

0

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അറുതിയില്ലാതെ തുടരുന്നു. ക്രോസ് റിവര്‍ സംസ്ഥാനത്തിലെ ഒഗോജ രൂപതയിലെ സെന്റ്‌ സ്റ്റീഫന്‍ കത്തോലിക്ക മിഷനിലെ വൈദികനായ ഫാ. പീറ്റര്‍ അബാങ് ഒചാങ്ങാണ് ഏറ്റവും ഒടുവിലായി തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നത്. സെന്റ്‌ ജൂഡ് ഇടവകാംഗങ്ങളായ നിരവധി വിശ്വാസികളും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. നസറാവാ സംസ്ഥാനത്തില്‍വെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നതെങ്കിലും സംഭവം നടന്ന കൃത്യമായ സ്ഥലം ഇതുവരെ വ്യക്തമായിട്ടില്ല.

നവംബര്‍ 24-ന് സഭാസംബന്ധമായ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അബുജയിലേക്ക് മടങ്ങുന്ന വഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടടുത്ത ദിവസത്തെ പ്രഭാത ബലിയ്ക്കിടെ ഒഗോജയിലെ ഇഗോളിയിലെ സെന്റ്‌ ബെനഡിക്ട് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. ഫിദെലിസ് കജിബിയയാണ് തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒഗോജ രൂപതയുടെ രൂപതാ വിദ്യാഭ്യാസ സമിതിയുടെ പ്രസിഡന്റായ പീറ്റര്‍ നാണ്ടി ബെറ്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് സ്ഥിരീകരിച്ചു.

ഇതിനിടെ, എനുഗു സംസ്ഥാനത്തിലെ തെക്കന്‍ പ്രാദേശിക ഗവണ്‍മെന്റിന്റെ പരിധിയില്‍പെടുന്ന എബുരുമ്മിരിയിലെ സെന്റ്‌ ജൂഡ് ദേവാലയത്തില്‍ നിന്നും നവംബര്‍ 19-ന് പുലര്‍ച്ചെ ആരാധനക്കിടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. വിക്ടര്‍ ഇഷിവു മോചിതനായി. വായുവിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് ആരാധനക്കിടയിലേക്ക് അക്രമികള്‍ അപ്രതീക്ഷിതമായി അതിക്രമിച്ച് കയറുകയായിരുന്നു. ഫാ. ഇഷിവുവിനും മറ്റ് വിശ്വാസികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒളിക്കുവാന്‍ കഴിഞ്ഞുവെങ്കിലും അവരെ പിന്തുടര്‍ന്ന അക്രമികള്‍ ഒളിസ്ഥലത്തുനിന്നും പുറത്തുവന്നില്ലെങ്കില്‍ റെക്ടറിയും ഇടവകയും അഗ്നിക്കിരയാക്കുമെന്നു പിഡ്ഗിന്‍ ഇംഗ്ലീഷിലും, ഫുലാനി ഭാഷയിലും ഭീഷണി മുഴക്കിയ ശേഷം റെക്ടറിയില്‍ പ്രവേശിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുന്നത് ക്രൈസ്തവരുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ വളരെമുന്‍പ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും തീവ്രവാദികളെ നിലക്ക് നിര്‍ത്തുവാന്‍ ഇതുവരെ മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

You might also like